ആരോപണങ്ങളിൽ വലഞ്ഞ് A.M.M.A സംഘടന : ഭരണസമിതി പിരിച്ചുവിട്ടു

0
103

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ വലിയ പ്രതിസന്ധികളാണ് നടന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടി​ന്റെ പശ്ചാത്തലത്തിൽ നിരവധിപ്പേർ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ പല മുൻനിര താരങ്ങളുടെയും പേരുകൾ പുറത്തുവന്നു. അതിനുപിന്നാലെ, A.M.M.A സംഘടനയുടെ പ്രസിഡ​ന്റ് സ്ഥാനത്തുനിന്നും നടൻ മോഹൻലാൽ രാജിവെച്ചിരിക്കുകയാണ് ഇപ്പോൾ. അതോടൊപ്പം നിലവിലെ അമ്മ ഭരണസമിതിയും പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ മേഖലയിൽ നടക്കുന്ന അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മ സംഘടനയിൽ വലിയതോതിൽ ഭിന്നതയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങൾ വിശദീകരണം നൽകണം എന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിൽ അവസാനിച്ചത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതി രൂപീകരിക്കുമെന്നും, സംഘടന ഇതുവരെ നൽകി പോന്നിരുന്ന സഹായങ്ങൾക്കോ മറ്റ് പദ്ധതികൾക്കോ ഇക്കാലയളവിൽ മാറ്റമുണ്ടാകില്ലെന്നും മോഹൻലാലി​ന്റെ രാജിക്കത്തിൽ പറയുന്നുണ്ട്.

മോഹൻലാലി​ന്റെ രാജിക്കത്തി​ന്റെ പൂർണ്ണരൂപം…

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’

ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസംതന്നെ വാർത്തകൾ വന്നിരുന്നു. അമ്മ പ്രസിഡ​ന്റ് സ്ഥാനത്തിരിക്കുന്ന മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവിൽ മോഹൻലാൽ ചെന്നൈയിലാണെന്നാണ് പറയുന്നത്. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന ആവശ്യമുള്ളതുകൊണ്ടാണ് യോഗം മാറ്റിവച്ചതെന്നായിരുന്നു വ്യക്തമാക്കിയത്. പുതിയ തീയതി അറിയിക്കാനിരിക്കെയാണ് A.M.M.A സംഘടനയിലെ കൂട്ടരാജി.

ഹേമ കമ്മിറ്റിയുമായി നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. A.M.M.A സംഘടനക്ക്
തെറ്റുപറ്റിയെന്ന് നടൻ പരസ്യമായി പറ‌ഞ്ഞിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണെന്നും, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പില്ലെന്ന് പറയൻ കഴിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർക്കുകയുണ്ടായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here