‘ബാബുവേട്ടൻ അത് പറഞ്ഞപ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾക്കൊപ്പം കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി’ : നടി ലക്ഷ്മിപ്രിയ

0
107

ലയാള താരസംഘടനയായ അമ്മയുടെ മുപ്പതാമത് വാർഷിക പൊതുയോ​ഗം ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു നടന്നത്. പുതിയ ഭരണ സമിതി അധികാരമേറ്റ മീറ്റിങ്ങിൽ പഴയ ഭരണസമിതിയിലെ ആളുകൾ സ്ഥാനമൊഴിഞ്ഞപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇടവേള ബാബുവി​ന്റെ സ്ഥാനമൊഴിയൽ. 25 വർഷത്തോളമായി അമ്മ സംഘടനയുടെ പല പല ഭാരവാഹിത്വത്തിൽ പ്രവർത്തിച്ച ബാബു അമ്മയുടെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തി​ന്റെ അധികാരമൊഴിയൽ സംഘടനയിലെ പലരെയും വിഷമത്തിലാക്കിയിട്ടുണ്ട്. പലരും അത് പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോൾ നടി ലക്ഷ്മിപ്രിയ ഇടവേള ബാബുവിനെകുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്

‘ഇന്നലെ ഞങ്ങളുടെ അമ്മയുടെ മുപ്പതാമത്തെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു.. പല കാരണങ്ങൾ കൊണ്ടും അതി വൈകാരികത നിറഞ്ഞത്. 1994 ൽ മലയാളം ആർട്ടിസ്റ്റുകൾക്ക് ഒരു കൂട്ടായ്മ വേണം എന്ന ശ്രീ സുരേഷ് ഗോപിയുടെയും ശ്രീ ഗണേഷ് കുമാറിന്റെയും ശ്രീ മണിയൻ പിള്ള രാജുവിന്റെയും ആഗ്രഹ പ്രകാരം 45000 രൂപ അവർ പിരിവിട്ട് ഉണ്ടാക്കിയ സംഘടന മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കിന്നു.. മുപ്പതാണ്ടുകൾ താണ്ടിയ സംഘടനയിൽ ഒരേ പദവിയിൽ ഇരുപത്തി അഞ്ച് ആണ്ടുകൾ പൂർത്തിയാക്കി ആ വളയം മറ്റൊരാളെ ഏൽപ്പിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഏറ്റവും പ്രിയപ്പെട്ട ബാബുവേട്ടൻ ഉത്തരവാദിത്വം ഒഴിഞ്ഞിരിക്കുന്നു…..വികാര ഭരിതമായ ഇടവേള ബാബുവിന്റെ ബാബുവേട്ടന്റെ വിടവാങ്ങൽ പ്രസംഗത്തിനൊടുവിൽ പറഞ്ഞ വാചകം “അതേ സ്വകാര്യത എന്ന ഓമനപ്പേരിൽ ഒതുക്കത്തിൽ കിട്ടിയ മൊബൈൽ ഫോൺ വച്ച് ഈ സോഷ്യൽ മീഡിയ മുഴുവൻ എന്നെ തെറി പറഞ്ഞാഘോഷിച്ചപ്പോൾ ഒരു വാക്കു പോലും നിങ്ങളാരും പറഞ്ഞില്ലല്ലോ ” എന്ന്. ശരിയാണ്… അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയർത്തിയില്ല.. നിറഞ്ഞൊഴുകിയ കണ്ണുകൾക്കൊപ്പം കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി…..

മദ്രാസിൽ ഒരു മലയാളി ആർട്ടിസ്റ്റ് മരണമടഞ്ഞാൽ ആ ബോഡി ഇവിടെ എത്തിക്കാൻ അന്നത്തെ മുതിർന്ന നടന്മാരുടെ കാല് പിടിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ തുടങ്ങിയ സംഘടന ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നതിന്റെ പ്രാധാന കാരണം ബാബുവേട്ടനാണ്… ഇപ്പൊ എത്രയോ പേര് മാസം പെൻഷൻ വാങ്ങുന്നു.. ആ പെൻഷൻ തുക കൊണ്ട് മരുന്നും വീട്ടു വാടകയും കൊടുക്കുന്ന എത്രയോ പേരെ നേരിട്ടെനിക്കറിയാം. ഞങ്ങൾക്കെല്ലാ പേർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.. ഞങ്ങളിൽ നിന്നും വിട്ടുപോയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക വർഷം തോറും അമ്മ ആ കുട്ടികളുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുന്നു… എത്രയോ പേർക്ക് വീട് വച്ചു നൽകി.. തെരുവോരം മുരുകനെപ്പോലെ ഉള്ളവർക്ക് അമ്മ ആംബലൻസ് വാങ്ങി നൽകി.. തെരുവിൽ നിന്നും ഏറ്റെടുക്കുന്നവരെ കുളിപ്പിക്കുവാനടക്കം സൗകര്യമുള്ള ആംബുലൻസ്. ഓരോ പ്രകൃതി ക്ഷോഭത്തിനും സർക്കാരിന് അമ്മയുടെ കൈത്താങ്ങു നൽകിയിട്ടുണ്ട്. പ്രളയ കാലത്തെ അതി ജീവനത്തിന് ഞങ്ങൾ അമ്മയുടെ മക്കൾ ഓരോരുത്തരും ക്യാമ്പുകൾ തോറും നടന്ന് തലച്ചുമ്മടായി സാധനങ്ങൾ എത്തിച്ചു…… അമ്മ എന്തു ചെയ്തു? അമ്മ എന്തു ചെയ്തു എന്നു ചോദിക്കുന്നവർ തീർച്ചയായും അമ്മ ചെയ്തത്, ചെയ്യുന്നത് അറിയണം.അമ്മ തികച്ചും ആര്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ ആണ്… ഞങ്ങളിൽ ഓരോരുത്തരും സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഞങ്ങൾ ആരും സംഘടനയിലേക്ക് മാസവരിയോ സംഭവനയോ കൊടുക്കുന്നില്ല.. ( ചില പ്രത്യേക അവസരങ്ങളിൽ സ്വയം ചിലർ നൽകാറുണ്ട്.) അമ്മയ്ക്ക് സർക്കാർ ഗ്രാൻഡുകളോ മറ്റ് സംഭാവനകളോ ഇല്ല..ആകെ ഉള്ളത് ഷോ നടത്തി കിട്ടുന്ന വരുമാനം മാത്രമാണ്. കൃത്യമായി ഇൻകം ടാക്സ് അടച്ച ശേഷം മാത്രം ഉള്ള തുക.

മേൽപ്പറഞ്ഞ സർവ്വ കാര്യങ്ങളും മുടക്കമില്ലാതെ ഇക്കാലമത്രയും നടന്നു പോയത് ദേ ഈ കാണുന്ന മുത്തിന്റെ അധ്വാനവും ബുദ്ധിയും ക്ഷമയും ദീർഘ വീക്ഷണവും കൊണ്ടാണ്.. അമ്മനത്ത് ബാബു ചന്ദ്രൻ എന്ന ഇടവേള ബാബുവിന്റെ! ഒരിയ്ക്കൽ തൃശൂർ ഒരു പ്രമുഖ ഹോട്ടലിൽ മറ്റെന്തോ ആവശ്യത്തിന് ചെന്ന ഇടവേള ബാബു റിസപ്ഷനിൽ നിന്നും അറിഞ്ഞതനുസരിച്ചു അമ്മയുടെ എക്സിക്യൂട്ടിവ് കമ്മറ്റി മീറ്റിംഗ് ഹാളിലേക്ക് കടന്നു ചെല്ലുന്നു.. അന്നത്തെ പ്രസിഡന്റ് ടി പി മാധവൻ അദ്ദേഹത്തിന് ബാബു ചെന്നത് ഇഷ്ടപ്പെട്ടില്ല. കമ്മറ്റി മെമ്പർമാർ അല്ലാത്തവർ പുറത്ത് പോകണം എന്ന ആക്രോശത്തിന് ക്ഷമ പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതെ പെട്ടെന്ന് തിരിഞ്ഞു നടന്ന ഇടവേള ബാബു. പിന്നീട് നടന്ന ജനറൽ ബോഡി മീറ്റിംഗ് ൽ കമ്പ്യൂട്ടർ ഇല്ലാക്കാലത്തെ ഓഫിസ് ജോലികൾ ഒറ്റയ്ക്ക് വഹിക്കുന്നതിലുള്ള അസ്വസ്ഥത കൊണ്ടോ ജോലി ഭാരം കൂടുതൽ എന്നത് കൊണ്ടോ പെട്ടെന്നുണ്ടായ വികാര വിക്ഷേപത്താലോ ” എന്നെക്കൊണ്ടൊന്നും വയ്യ ആരാന്നു വച്ചാൽ നോക്കു ” എന്നും പറഞ്ഞു ടി പി മാധവൻ സർ വലിച്ചെറിഞ്ഞ ഫയലിൻ കൂട്ടം ചെന്നു വീണത് കെ ബി ഗണേഷ് കുമാർ എന്ന ഗണേഷേട്ടന്റെ ദേഹത്തേക്ക്. അതെല്ലാം കൂടി വാരിപ്പെറുക്കി ഇടവേള ബാബുവിനെ ഏൽപ്പിച്ചു കൊണ്ട് ഗണേഷേട്ടൻ പ്രഖ്യാപിക്കുന്നു ” ഇനി ഒന്നും മാധവൻ ചേട്ടൻ ചെയ്യണ്ട., എല്ലാം ബാബു നോക്കി കൊള്ളും! ദേഷ്യമടങ്ങിയ ടി പി സർ ഏറ്റെടുക്കാൻ തയ്യാറായി എങ്കിലും ഗണേഷേട്ടൻ ഉറച്ചു തന്നെ നിന്നു. ” വേണ്ട, ഇനി എല്ലാം ബാബു നോക്കിക്കൊള്ളും. ”

ആ വാക്കുകൾ അന്വർത്ഥമാക്കി നോക്കി… ഈ ഇരുപത്തി അഞ്ചു വർഷക്കാലവും രാവും പകലും വീടും സ്വന്തം കുടുംബം എന്നതും ഒക്കെ മറന്ന് എന്തിന് ഒരു വിവാഹം എന്നത് പോലും മറന്നു കൊണ്ട് ഞങ്ങളുടെ മുൻഗാമികളെയും ഞങ്ങളെയും ഒക്കെ നോക്കി…. ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും രണ്ട് ബെല്ലടിച്ചു തീരും മുൻപേ ഫോൺ എടുത്തു. വിവരങ്ങൾ കേട്ടൂ. പരിഹാരവും എത്തി.. ഞങ്ങൾ 530 പേരുടെയും മുഴുവൻ പ്രശ്നങ്ങളും കുടുംബ പ്രശ്നം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ മന : പാഠം. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്… ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ. എനിക്ക് മാത്രമല്ല, മുഴുവൻ പേർക്കും..

എന്റെ മനസ്സിൽ മായാത്ത ഒരു ചിത്രമുണ്ട് ബാബുവേട്ടന്റെ. കലാഭവൻ മണിച്ചേട്ടൻ മരിച്ച ദിവസം അമൃതയിൽ നിന്നും ആ ശരീരം ഏറ്റെടുത്തു തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ഒരു രാത്രി മുഴുവൻ ആ മോർച്ചറിയ്ക്ക് മുന്നിൽ വിയർത്തൊട്ടിയ ഷർട്ടുമിട്ട് ഒരു തുള്ളി വെള്ളം കുടിക്കാതെ, ഒരു പോള കണ്ണടയ്ക്കാതെ നിന്ന ഇടവേള ബാബുവിന്റെ ചിത്രം… പിറ്റേന്ന് വൈകുന്നേരം ആ പുരുഷാരം മണിച്ചേട്ടന് യാത്ര അയപ്പ് നൽകിയ ശേഷം മാത്രം പിരിഞ്ഞു പോയ ബാബു.. അതുപോലെ എത്രയോ നടീ നടന്മാർ? നരേന്ദ്ര പ്രസാദ് സാറും മുരളി ഏട്ടനും കല്പ്പന ചേച്ചിയും തുടങ്ങി ഏതാണ്ട് എല്ലാപേരും.. ഒരേ ഒരു ബാബുവല്ലേ ഉള്ളൂ, ചിലപ്പോൾ ചില ഇടത്ത് എത്തി ചേരാൻ കഴിഞ്ഞിരിക്കില്ല……’

LEAVE A REPLY

Please enter your comment!
Please enter your name here