ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയർന്നുവന്നത്. മലയാള സിനിമയിൽ പ്രമുഖരായ പല താരങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളും തുറന്നുപറച്ചിലുകളും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നടി ഷീല. ഇത്തരം വെളിപ്പെടുത്തലുകൾ കേട്ട് തനിക്ക് ശരീരം വിറയ്ക്കുന്നുവെന്നായിരുന്നു ഷീലയുടെ പ്രതികരണം. താൻ മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ഈ ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവർ പറയുകയുണ്ടായി.
ഒരു സ്ത്രീ ഒരിക്കലും ലൈംഗികാതിക്രമം ഉണ്ടായെന്ന് കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നെന്നും എന്നാൽ ആരുടെയും പേര് വെളിപ്പെടുത്താനാവില്ല എന്നും നടി പറഞ്ഞു. പണ്ട് സിനിമാ ലൊക്കേഷനിൽ നിന്ന് പെട്ടെന്ന് ചില നടിമാർ അപ്രത്യക്ഷമാകും, അന്വേഷിക്കുമ്പോൾ വേറെ സിനിമ കിട്ടിപ്പോയി എന്നാണ് പറയുകയെന്നും, പക്ഷെ യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്നും താരം പറഞ്ഞു.
അതേസമയം,സിനിമയിൽ രാവണന്മാർ മാത്രമല്ല രാമൻമാരും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും, എ.എം.എം.എയിലെ എല്ലാവരും കുറ്റക്കാരല്ല, ചിലരാണ് മോശക്കാരെന്നും, നിർമാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് വേറെ ചില ഉദ്ദേശങ്ങളോടെയാണെന്നും ഷീല പറയുകയുണ്ടായി.
അതേസമയം, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണെന്നാണ് പ്രശസ്ത നടി ശാരദയുടെ പ്രതികരണം. എല്ലാവരും ഇപ്പോൾ വയനാടിനെ പറ്റിയാണ് ചിന്തിക്കേണ്ടതെന്നും, എത്രയോ പേര്‍ മരിച്ച് പോയി, വലിയ ദുരന്തമാണ് അതെന്നും ശാരദ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരുപാട് വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വരുന്ന സാഹചര്യം എങ്ങനെയാണന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഹേമ കമ്മിറ്റിക്കും പ്രാധാന്യമുണ്ടല്ലോയെന്ന ചോദ്യത്തിന് ഹേമ മാഡം വളരെ നല്ല വ്യക്തിയാണെന്നും തന്നെക്കാൾ അറിവും പരിചയ സമ്പത്തും അവർക്കാണ്, അവരാണ് മറുപടി പറയേണ്ടതെന്നും ശാരദ പരഞ്ഞു.
എന്നാൽ ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി ഹേമ കമ്മിറ്റിയംഗം കൂടിയായ ശാരദ പറഞ്ഞു. താൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നു എന്നും പക്ഷെ അവർ മൗനം പാലിച്ചെന്നും, അഭിമാനത്തെ കരുതിയും പേടി കാരണവും അവരാരും അതൊന്നും പുറത്ത് പറഞ്ഞില്ലെന്നും ശാരദ പറഞ്ഞു. എന്നാൽ അതേസമയം. ഇന്നത്തെ തലമുറ വിദ്യാഭ്യാസമുള്ളവരാണെന്നും അവർക്ക് ദുരനുഭവങ്ങൾ തുറന്ന് പറയാൻ ധൈര്യമുണ്ടായെന്നും താരം വ്യക്തമാക്കി.