മലയാള സിനിമാ താരസംഘടനയായ അമ്മയുടെ മുപ്പതാമത് വാർഷിക പൊതുയോഗം കഴിഞ്ഞ ഞായറാഴ്ച്ച കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നിരുന്നു. 505 അംഗങ്ങളുള്ള സംഘടനയിലെ ഒട്ടുമിക്ക താരങ്ങളും തന്നെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി. രാഷ്ട്രീയ തിരക്കുകൾക്കിടയിലും താരസംടനയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അംഗങ്ങൾ വരവേറ്റത്. മീറ്റിങ്ങിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായാണ് സിനിമയിലെ സഹപ്രവർത്തകരുമായി സുരേഷ് ഗോപി ഒത്തു കൂടുന്നത്. അദ്ദേഹത്തിനൊപ്പം സിനിമകളിൽ പ്രവർത്തിച്ചവരടക്കം ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനുള്ള തിരക്കിലായിരുന്നു.
മീറ്റിങ്ങിനു ശേഷം ഭക്ഷണ സ്ഥലത്തേക്ക് എത്തിയ താരത്തെ സഹപ്രവർത്തകർ ആർപ്പുവിളികളോടെയാണ് വരവേറ്റത്. തങ്ങളുടെ സംഘടനയിൽ സത്യസന്ധനും ജനപ്രിയനുമായ ഒരു കേന്ദ്ര മന്ത്രി ഉണ്ടെന്നതിൽ വലിയ അഭിമാനമാണെന്നാണ് നടൻ ജഗദീഷ് പറഞ്ഞത്. നടൻ സായി കുമാർ, ബിന്ദു പണിക്കർ, നിഷ സാരംഗ്, അനശ്വര രാജൻ, ജി പി, സിദ്ധാർത്ഥ് തുടങ്ങി പഴയകാല താരങ്ങളും യുവ താരങ്ങളുമെല്ലാം അദ്ദേഹത്തിനൊപ്പം ചിത്രങ്ങൾ എടുത്തു. കൂടാതെ അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്നിറങ്ങുന്ന ഇടവേള ബാബുവിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം തന്നെയാണ് യോഗത്തിൽവെച്ച് നിർവ്വഹിച്ചത്.
ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിൽ ഏറെയും അമ്മയെന്ന സംഘടനെയെ കുറിച്ചുമാണ്. സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ , എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാൽ ആണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’.
‘ഇടവേളകളില്ലാതെ’ എന്ന പുസ്തകം കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ. സുരേഷ് ഗോപി, ശ്രീ. മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്യുന്ന വേളയിൽ നടൻ ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കെ. സുരേഷ്, ശ്വേത മേനോന്‍, ലിപി അക്ബര്‍ എന്നിവര്‍ സമീപം ഉണ്ടായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെ മീറ്റിങ്ങിന്റെ പ്രധാന ആകർഷണം. പഴയ ഭരണസമിതി അധികാരമൊഴിയുകയും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു. മോഹൻലാൽ തന്നെയാണ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്.