മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ. സല്ലാപം എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം ഇന്ന് സൂപ്പർതാര പദവിയിൽ എത്തിനിൽക്കുകയാണ്. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളായി മലയാളിപ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ എന്ന അതുല്യ പ്രതിഭ.
1996 ൽ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ അഭിനയരംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമാഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്. നിരവധി ജനപ്രിയ സിനിമകളിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജുവാര്യർ എന്ന അഭിനേത്രി. സാക്ഷ്യം, സല്ലാപം, ഈ പുഴയും കടന്ന്, ദില്ലിവാലാ രാജകുമാരൻ, തൂവൽക്കൊട്ടാരം, കളിവീട്, കളിയാട്ടം തുടങ്ങി 45 ഓളം മലയാളചിത്രങ്ങളിൽ മഞ്ജു വാര്യർ മികച്ച കഥാപാത്രങ്ങൾ ചെയ്തു.
ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മഞ്‍ജു തമിഴ് സിനിമാലോകത്തേക്കും കാലെടുത്തുവച്ചിരുന്നു. മഞ്‍ജു വാര്യർ തമിഴിൽ ഒടുവിൽ അഭിനയിച്ച ചിത്രം ‘തുനിവാ’ണ്. ചിത്രത്തിൽ അജിത് ആയിരുന്നു നായകനായി എത്തിയിരുന്നത്. നടൻ ആര്യയ്ക്കും ഗൗതം കാർത്തിക്കിനൊപ്പം ‘മിസ്റ്റർ എക്സ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യർ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. നേരത്തെ “നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തു തന്നെയായാലും!”, എന്ന കുറിപ്പോടെ ഫ്രണ്ട്ഷിപ് ഡേയിൽ മഞ്ജുവാര്യർ പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.