ഇടതുപക്ഷം പിന്തുടരുന്നത് ജനാധിപത്യ രീതികളല്ലെന്ന് തുറന്നടിച്ച് അഖില്‍ മാരാര്‍. ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവ് വിന്നര്‍ അഖില്‍ മാറിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി നടത്തിയ ഫാന്‍സ് ഫാമിലി ഷോയിലായിരുന്നു അഖില്‍മാരാര്‍ ഇക്കാര്യം പറഞ്ഞത്.ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ ഇവിടെ. ഈ സിസ്റ്റം മാറണമെന്നും അഖില്‍ പറഞ്ഞു.
അഖില്‍മാരാറിന്റെ വാക്കുകള്‍..
വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതല്ല ജനപ്രതിനിധികള്‍.ജനപ്രതിനിധികളെ കാണുമ്പോള്‍ ജനങ്ങള്‍ കുമ്പിടാന്‍ പാടില്ല. ജനപ്രതിനിധികളെ ജനങ്ങളെ കുമ്പിടണം. അതാണ് ജനാധിപത്യം. നമ്മള്‍ ഒരാളെ ജയിപ്പിച്ച് വിട്ടിട്ട് അവന്റെ ആപ്പീസില്‍ പോയിരിക്കുക. എനിക്ക് എംഎല്‍എ കാണണം. പിന്നെന്ത് രാജാവും പ്രജയും തമ്മില്‍ വ്യത്യാസം.
ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ ഇവിടെ. ഈ സിസ്റ്റം മാറണം. ജനങ്ങളുടെ ചൂണ്ടുവിരലിലാണ് അധികാരമെങ്കില്‍ ആ അധികാരമുണ്ടെന്ന് അവന് തോന്നണം. അവനു തോന്നണമെങ്കില്‍ ജനാധിപത്യം ഇപ്പോള്‍ പോകുന്ന സിസ്റ്റം ആകരുത്. ഇത് രാജഭരണത്തില്‍ നിന്നും വന്ന ഒന്ന് തന്നെയാണ്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും രാജ്യം ഭരിക്കുന്ന രാജാവിനെ പോലെയൊരു മുഖ്യമന്ത്രിയെയും രാജാവിനെ പോലെയൊരു പ്രധാന മന്ത്രിയും ആണ്. അല്ലാതെ ഒരു വ്യത്യാസവുമില്ല. എനിക്കൊരു പ്ലാന്‍ ഉണ്ട്. അതിലേക്ക് ഞാന്‍ ചിലപ്പോള്‍ എത്തും. അല്ലെങ്കില്‍ എന്നെ എത്തിക്കും.
ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്. ഉള്ളില്‍ കമ്മ്യൂണിസം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. എന്റെ എല്ലാ പ്രവൃത്തികളും പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും ഞാന്‍ പക്കാ കമ്മ്യൂണിസ്റ്റുകാരനാണെന്ന്. പക്ഷെ ഞാന്‍ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് ആശയങ്ങളോ ഒരു കമ്മ്യൂണിസ്റ്റുകാരോ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റിനെ കാണാന്‍ കഴിയുന്നില്ല. വെറും ഒരു പേര് മാത്രമായ പൊളിറ്റിക്കല്‍ പാര്‍ട്ടി ആയതുകൊണ്ട് മാത്രമാണ് എനിക്ക് എതിര്‍ക്കേണ്ടി വരുന്നത്. അല്ലാതെ ഉള്ളില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായ കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍ എന്നാണ് ഞാന്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പറഞ്ഞിരുന്നത്.
ഒരു സിപിഎം എംഎല്‍എയുടെ അടുത്ത് നമ്മള്‍ പോയി ഒരു കാര്യം സംസാരിക്കണമെങ്കില്‍ ബ്രാഞ്ച് സെക്രട്ടറി,ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയെല്ലാം കത്തുണ്ടെങ്കില്‍ മാത്രമേ മുകളിലേക്ക് മുകളിലേക്ക് പോകാന്‍ കഴിയുകയുള്ളു. ജനാധിപത്യം കൂടുതലായുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി കോണ്‍ഗ്രസാണ്. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കും. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്” എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.