മലയാളികളുടെ താരാജാവിനു പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബനും, നസ്രിയയും. തന്റെ മകനൊപ്പം മമ്മൂക്ക കളിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസകൾ അറിയിച്ചത്. അതോടൊപ്പം കുഞ്ചാക്കോ ബോബനെ മമ്മൂട്ടി ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രവുമുണ്ട്.
“ഏറെ പ്രിയപ്പെട്ട മമ്മൂക്കക്ക് എന്റെ ജന്മദിനാശംസകൾ. എന്റെ മാതൃകയായ മനുഷ്യനൊപ്പമുള്ള പ്രിയപ്പെട്ട ചിത്രവും ഞാൻ പങ്കുവെക്കുന്നു” എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
View this post on Instagram
“ഏറ്റവും മികച്ച ഒരു വ്യക്തിക്ക് പിറന്നാൾ ആശംസകൾ, ഞങ്ങൾക്ക് നിങ്ങളെന്നാൽ ഭ്രാന്താണ്” എന്നാണ് നസ്രിയ ആശംസകയായി കുറിച്ചത്.
അതേസമയം, ഇന്ത്യൻ സിനിമാലോകം കണ്ട ചലച്ചിത്ര ഇതിഹാസം, മലയാളിപ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം, മെഗാസ്റ്റാർ മമ്മൂട്ടി. 52 വർഷം നീണ്ട അഭിനയസപര്യയിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി എന്ന താരരാജാവ് ജന്മം നൽകിയത്. അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി വരാനിരിക്കുന്ന ബസൂക്കയും, ബിലാലിലും എത്തി നിൽക്കുന്നു പകരം വയ്ക്കാനില്ലാത്ത ഈ അതുല്യപ്രതിഭയുടെ അഭിനയജീവിതം. 1971 ൽ സത്യൻ, നസീർ, ഷീല എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കെ.എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മുഹമ്മദ്കുട്ടി ഇസ്മയിൽ പാണപറമ്പിൽ എന്ന മമ്മൂട്ടിയുടെ അഭിനയജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷമാണ് സിനിമയിലേക്കുള്ള തുടക്കം. സത്യൻ മാസ്റ്ററിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയ ആ കൗമാരക്കാരൻ ഇന്ന് ഇന്ത്യൻസിനിമാലോകത്തിന്റെ മുടിചൂടാമന്നനായി വാനോളം ഉയർന്നു. പങ്കായം തുഴയുന്ന തോണിക്കാരനായി ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് മമ്മൂട്ടി എന്ന കലാകാരന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
1980 ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിലെ മാധവൻകുട്ടി എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് മികച്ച നിരൂപകപ്രശംസ നേടിക്കൊടുത്തു. അങ്ങനെ നായകനടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര ആരംഭിക്കുകയായിരുന്നു. പിന്നീട് 90 കാലഘട്ടങ്ങളിൽ മമ്മൂട്ടിയുടെ യുഗാരംഭമായിരുന്നു. കാലചക്രം, മേള, തൃഷ്ണ, മുന്നേറ്റം, സ്ഫോടനം, ഊതിക്കാച്ചിയ പൊന്ന്, ഒരു തിര പിന്നെയും തിര, അഹിംസ, യവനിക, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ഈ നാട്, അവിടത്തെപ്പോലെ ഇവിടെയും, കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങി 60 ഓളം ചിത്രങ്ങൾ മമ്മൂട്ടി നായകനായി മികച്ച വിജയം കൈവരിച്ചു.