ഉപ്പയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മമ്മൂക്കയ്‌ക്കൊപ്പം ദുൽഖർ നിൽക്കുന്ന രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ദുൽഖർ അപ്പയ്ക്ക് ആശംസകൾ നേർന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. അപ്പയെപ്പോലെ ആവാനാണ് തന്റെ ആഗ്രഹമെന്നും, ഭാവിയിൽ അദ്ദേഹത്തിന്റെ പാതിയായി മാറുമെന്നാണ് പ്രതീക്ഷയെന്നും ദുൽഖർ കുറിച്ചു.
ദുൽഖറിന്റെ കുറിപ്പ്..
”ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ നിങ്ങളെപ്പോലൊരു മനുഷ്യനാകാനായിരുന്നു എന്റെ ആഗ്രഹം. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളെപോലൊരു നടനാവണമെന്നായിരുന്നു എന്റെ ആഗ്രഹം, പിന്നീട് ഞാൻ ഒരു പിതാവായപ്പോൾ, ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങളെന്ന മനുഷ്യന്റെ പാതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു പാ..!
ഏറ്റവും സന്തോഷകരമായ ജന്മദിനം ഞാൻ ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും, വിനോദിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഇനിയും, എല്ലായ്പ്പോഴും തുടരുക.”
View this post on Instagram
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആരാധകര്‍ ഒത്തുകൂടിയിരുന്നു . കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ആരാധകരെ കാണാന്‍ ദുല്‍ഖർ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞുകവിഞ്ഞ കാഴ്ച്ചയായിരുന്നു അവിടെ.
അതേസമയം പിറന്നാൾദിനത്തിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസാധാരണമായി ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് സ്പെഷ്യൽ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഈ പോസ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വന്യമായ ചിരിയാണ് പോസ്റ്ററിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാവം. ഒരു നെഗറ്റീവ് ചായ്വിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് . നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭ്രമയുഗത്തിൽ മമ്മൂട്ടി വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.