ബാലതാരമായി തുടക്കം, ഇളയ ദളപതിയായി വളർച്ച, ഇന്ന് തമിഴകത്തി​ന്റെ ഹൃദയങ്ങളിൽ ദളപതി

0
85

ദ്യ സിനിമ റിലീസായപ്പോൾ വിജയെകുറിച്ച് ഒരു മാസികയിൽ വന്ന തലക്കെട്ടിങ്ങനെയാണ്, കാശ് കൊടുത്ത് ഈ മുഖം കാണാൻ ആര് തീയേറ്ററിൽ വരുമെന്ന്? ഏതൊരു പുതുമുഖ നടനെയും വേരോടെ തളർത്താനുള്ള കെൽപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. എന്നാൽ അതിനേക്കാളേറെയായിരുന്നു അയാളിലെ നട​ന്റെ ലക്ഷ്യബോധം. സിനിമയിൽ പിടിച്ചുനിൽക്കാൻ സംവിധായകനും നിർമ്മാതാവുമായ അച്ച​ന്റെ മേൽവിലാസവും അവനന്ന് പോരായിരുന്നു. കാരണം, ​ഗോഡ് ഫാദറുണ്ടായിട്ടുപോലും പല താരങ്ങളും വീണുപോയിടത്തായിരുന്നു അവ​ന്റെ തുടക്കം.

ഒരിക്കലും ആരും വാഴ്ത്തിപ്പാടിയ തുടക്കമായിരുന്നില്ല വിജയുടേത്. പക്ഷെ തളർത്തിയവർക്കുമുന്നിൽ ഇളയ ദളപതിയിൽനിന്നും തമിഴ്മക്കളുടെ ദളപതിയായുള്ള വള‌ർച്ച ഏതൊരു സിനിമാക്കാരെയും അസൂയപ്പെടുത്തുന്നതാണ്.

വിജയുടെ ഓരോ പിറന്നാളും ആരാധകരാഘോഷിക്കുന്നത് കണ്ടാൽ ഇത്രയധികം ജനങ്ങൾ സ്നേഹിക്കുന്ന മറ്റൊരു താരമില്ലെന്നുപോലും ചിന്തിച്ചുപോകും. അതിനു കാരണം അദ്ദേഹത്തി​ന്റെ സിനിമകൾ മാത്രമല്ല, അദ്ദേഹത്തി​ന്റെ നിലപാടുകൾ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് സിനിമ പൂർണ്ണമായുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോഴും തമിഴ്മക്കൾ വിജയ്ക്കൊപ്പമുള്ളത്.

ഇപ്പോൾ ഹിറ്റല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത വിജയുടെ തുടക്കം പക്ഷെ ഹിറ്റുകളിൽനിന്നായിരുന്നില്ല. അച്ച​ന്റെ സിനിമകളിൽ ബാലതാരമായി വന്ന വിജയ് നായകനാകുന്നത് 1992 ൽ ‘നാളയെ തീർപ്പെ’ന്ന ചിത്രത്തിലൂടെയാണ്. രൂക്ഷമായ നിരൂപണങ്ങൾ വന്നെങ്കിലും തളരാൻ തയ്യാറല്ലായിരുന്നു. തുടർച്ചയായി സിനിമകൾ ചെയ്തു. റൊമാ​ന്റിക് സിനിമകളായിരുന്നു കൂടുതൽ. പതുക്കെ പ്രേക്ഷകർ വിജയെ ഇഷ്ടപ്പെട്ടുതുടങ്ങി. ഒരു നടനും നായകനുമായി വിജയ് സ്വീകരിക്കപ്പെട്ടത് പൂവേ ഉനക്കാകെയെന്ന ചിത്രത്തിലായിരുന്നു. പിന്നീടങ്ങോട്ടുള്ള സിനിമകളെല്ലാം വിജയം കണ്ടവയെന്നതിലുപരി വിജയുടെ യാത്രയിലെ ചവിട്ടുപടികളായിരുന്നു.

നേർക്കു നേർ, കാതുലുക്ക് മര്യാദ, വൺസ്മോർ തുടങ്ങി ഒരുപിടി സിനിമകൾ വന്നു. തമിഴ്‌നാട് സർക്കാരിൻറെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. 99ൽ വന്ന ‘തുള്ളാത മനവും തുള്ളും’ എന്ന ചിത്രം തെന്നിന്ത്യയൊട്ടാകെ വിജയെ പ്രശസ്തനാക്കി. ജ്യോതികയ്ക്കൊപ്പമുള്ള ഖുഷിയിലൂടെ തമിഴകത്ത് വിജയ് നിലയുറപ്പിച്ചു. ന‍ൃത്തത്തിലെ മെയ്വഴക്കവും, റൊമാൻസി​ലെ ത​ന്റേതായ ശെെലിയും, ആക്ഷനുമെല്ലാം ചേർന്ന് വിജയ് ചിത്രങ്ങൾക്ക് ഒരു അഡ്രസ്സുണ്ടാവാൻ തുടങ്ങി. വിജയുടെ സിനിമാ പാട്ടുകളും മാ​സ്റ്റർപീസ് ​സ്റ്റെപ്പുകളും തമിഴകമേറ്റുപിടിച്ചു.

റൊമാൻസിൽനിന്നും ആക്ഷനിലേക്കുള്ള വിജയുടെ വരവിന് നല്ല തുടക്കമായിരുന്നു ​ഗില്ലി. മാസ് ആക്ഷൻ ഹീറോയായി അടിയുറപ്പിച്ച ​ഗില്ലി അന്ന് നേടിയത് തമിഴകത്തെ ആദ്യ 50 കോടിയായിരുന്നു. ഇന്നും പ്രേക്ഷകർക്കിടയിൽ ആ ചിത്രത്തിനുള്ള ഹോൾഡ് റീ റിലീസിലെ കണക്കുകൾ പറയും…

പോക്കിരിയുടെ വിജയത്തിനുശേഷം വിജയ് ചിത്രങ്ങൾ പതുക്കെ പരാജയം നേരിട്ടുതുടങ്ങുകയായിരുന്നു. ‘അഴകിയ തമിഴ് മകൻ’, ‘വില്ല്’, ‘സുറ’ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ നിരാശയായി. രക്ഷകൻ എന്ന ലേബലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു വിജയ് അന്ന്. ഒരു തിരിച്ചുവരവില്ലെന്നുവരെ പലരും പറഞ്ഞിടത്തുനിന്ന് വിജയെ പിടിച്ചുയർത്തിയത് ദിലീപ് ചിത്രത്തി​ന്റെ റീമേക്കായ കാവലനായിരുന്നു. പിന്നെ അടുത്തടുത്ത വിജയങ്ങളിലൂടെ തിരിച്ചുവരവ്. അന്നുമുതലേ താരത്തി​ന്റെ രാഷ്ട്രീയപ്രവേശം ചെറിയതോതിലെരിയുന്നുണ്ടായിരുന്നു. തമിഴ് സിനിമ ലോകത്തെ പതിവ് രീതിയും അതായിരുന്നല്ലൊ, ജയലളിത സർക്കാരിനെവരെ ഭയപ്പെടുത്തുന്ന ജനപ്രീതിയായിരുന്നു അന്നേ വിജയ്ക്കുണ്ടായിരുന്നത്.

പിന്നീടങ്ങോട്ടുള്ള സിനിമകൾ പലതും രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കുന്നവയായിരുന്നു. വിജയം കണ്ടെങ്കിലും വിമർശനങ്ങളും ​വിലക്കുകളും നേരിടേണ്ടിവന്നു അവക്ക്. ഉയർച്ചതാഴ്ച്ചകൾ വീണ്ടുമുണ്ടായെങ്കിലും തെന്നിന്ത്യയിൽ ഏറ്റവും കുടുതൽ ശമ്പളം വാങ്ങുന്ന താരമായി വിജയ് അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം കോമേഷ്യലി വിജയിപ്പിക്കുന്ന ബ്രാൻഡായി മാറി. അവസാനമിറങ്ങിയ ലിയോ തന്നെ അതി​ന്റെ ലേറ്റ​സ്റ്റ് ഉദാഹരണമാണ്.

രാഷ്ട്രീയപ്രവേശം വിജയ് സിനിമാ ആരാധകരെ തെല്ലൊന്ന് സങ്കടപ്പെടുത്തിയെങ്കിലും, സിനിമകളിൽ കണ്ട രക്ഷകനായ ദളപതിയെ ജീവിതത്തിലും കിട്ടുന്നതി​ന്റെ സന്തോഷവുമവർക്കുണ്ട്. കാരണം വിജയ് എന്ന പേരിനേക്കാളധികം ​ദളപതിയെന്ന പേര് ഉയർന്നു കേൾക്കുന്നത് ആ മനുഷ്യ​ന്റെ താരജാഡ ഒട്ടുമില്ലാത്ത മനുഷത്യമുള്ള ഇടപെടലുകളും സ്നേഹവും കൊണ്ടുതന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here