“ഞങ്ങൾക്ക് 8 കോടി നഷ്ടമുണ്ട്, ഞങ്ങളെയും സഹായിക്കണം”: വേള്‍ഡ് ഫെയ്മസ് ലവര്‍ ചിത്രത്തിന്റെ വിതരണക്കാർ

0
175

സാമന്തയും വിജയ് ദേവരകൊണ്ടയും നായിക നായകന്മാരായെത്തിയ ചിത്രം ഖുശിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി വിജയ് ദേവെരകൊണ്ട രംഗത്ത് എത്തിയിരുന്നു. ഖുഷി’യുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടൻ പറഞ്ഞിരുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 70 കോടി നേടിയതിന്റെ സന്തോഷത്തിലാണ് നടൻ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം നല്കാൻ തീരുമാനിച്ചത്. എന്നാൽ ഈ സാഹചര്യത്തിൽ വിജയ് ദേവേരക്കൊണ്ട നായകനായ വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന ചിത്രത്തിന്റെ വിതരണക്കാര്‍ വിജയോട് അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന സിനിമയിൽ തങ്ങൾക്ക് നഷ്‌ടമായ പണം കൂടി തിരിച്ചു തരണമെന്നാണ് ചിത്രത്തിന്റെ വിതരണക്കാരായ അഭിഷേക് പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അഭിഷേകിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഏറ്റവും പ്രിയപ്പെട്ട വിജയ് ദേവേരക്കൊണ്ട, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് എട്ട് കോടിയാണ് നഷ്ടം സംഭവിച്ചത്. എന്നാൽ ഇതുവരെയും ആരും ഈ വിഷയത്തിൽ പ്രതികരിച്ചില്ല. ഹൃദയ വിശാലനായ വിജയ് ദേവരകൊണ്ട, കുടുംബങ്ങള്‍ക്ക് ( ആരാധകരുടെ കുടുംബങ്ങള്‍ക്ക്) ഒരു കോടി രൂപ സംഭാവന ചെയ്യുന്നത് കൊണ്ട്, ഞങ്ങള്‍ വിതരണക്കാരുടയെും തിയേറ്ററുടമകളുടെയും കുടുംബങ്ങളെ കൂടി സഹായിക്കണം.

നന്ദി, നിങ്ങളുടെ അഭിഷേക് പിക്‌ചേഴ്‌സ്” എന്നാണ് അഭിഷേക് പിക്ചേഴ്സ് കുറിച്ചത്. അഭിഷേക് പിക്ചേഴ്സിനെ വിമർശിച്ചും പിന്തുണച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. അതേസമയം പ്രേക്ഷകമനസ്സിൽ പ്രണയാർദ്ദ്ര നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രദർശനത്തിന് എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 70.23 കോടിയാണ് നേടിയത്.ആദ്യദിവസം തന്നെ ചിത്രം 26 കോടി രൂപയാണ് നേടിയിരുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

സാമന്തയും വിജയദേവരകൊണ്ടയും തമ്മിലുള്ള സീനുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായം. മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here