ഉപ്പും മുളകും എന്ന ടെലിവിഷൻ സീരിയലിലൂടെ വന്ന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് റിഷി. എന്നാൽ അതിനും മുന്നേതന്നെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയും റിഷി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. പിന്നീട് ബിഗ് ബോസിലൂടെയും ആരാധകരുടെ ഹൃദയം കീഴടക്കിയ റിഷിയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമാ സ്റ്റെെലിലുള്ള പ്രോപോസിങ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
മഹാദേവ ക്ഷേത്രത്തിൽവെച്ചാണ് ഋഷിയുടെ വിവാഹച്ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ വെെറലാകുന്നുണ്ട്. റിഷിയുടെ അടുത്ത സുഹൃത്ത് തന്നെയാണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്ത് ആയിരുന്നു ഐശ്വര്യ. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഐശ്വര്യ. അതേസമയം അനായാസമായി ചെയ്യുന്ന ഡാൻസ് സ്റ്റെപ്പുകളിലൂടെ സ്വന്തം മുദ്ര ചാർത്തിയ ഋഷിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക ആ ഹെയർസ്റ്റൈൽ കൂടി ആയിരിക്കും. ഋഷിയുടെ വിവാഹം നടന്നിരിക്കുകയാണ് ഇപ്പോൾ.
View this post on Instagram
മുൻപ് ഉപ്പുമുളകും സീരിയലിൻറെ സെറ്റിൽ ഋഷി വിവാഹം വിളിക്കാൻ പോയത് ഏറെ വൈകാരികമായ നിമിഷങ്ങൾ താരത്തിന് സമ്മാനിച്ചിരുന്നു. ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാവരെയും ക്ഷണിച്ചാണ് ഋഷി സെറ്റിൽനിന്നും മടങ്ങിയത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഋഷി തന്റെ പ്രണയം പ്രേക്ഷകർക്കുമുന്നിൽ പരസ്യമാക്കിയത്. ആദ്യം പ്രണയിനിയുടെ മുഖം കാണിക്കാതെയായിരുന്നു ഋഷി വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. ആരാണ് ആ പെൺകുട്ടിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പിന്നീട് വളരെ മനോഹരമായി സിനിമ സ്റ്റെലിലാണ് പ്രപ്പോസൽ നടത്തിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹൽദി വീഡിയോയും പുറത്തുവിട്ടിരുന്നു.
ഉപ്പും മുളകും സീരിയലിന് ശേഷം മുടിയൻ ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിയത് ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസൺ ആറിൽ ഫോർത്ത് റണ്ണറപ് ആയിരുന്നു ഋഷി. അമ്മയെ കുറിച്ച് പറയുമ്പോൾ ഇമോഷണലാവുന്ന ഋഷിയുടെ ആരാധകരായി ഏറെ അമ്മമാരും കുട്ടികളും ഉണ്ട്. അൻസിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസിൽ ഏറെ ചർച്ചയായ മറ്റൊരു വിഷയം. അൻസിബ തന്റെ കുടുംബത്തോടൊപ്പംതന്നെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു.