ഇപ്പോഴത്തെ കാലഘട്ടത്തിലെ യുവാക്കളുടെ കൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ് താൻ ഇപ്പോഴും ചെറുപ്പക്കാരനായി നിൽക്കുന്നതെന്നാണ് നടൻ ജഗദീഷ് പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് തന്റെ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ഒപ്പം ഹരിശ്രീ അശോകനോടൊപ്പവും മകൻ അർജുൻ അശോകനോടൊപ്പവും അഭിനയിക്കാനായതിന്റെ സന്തോഷവും താരം പങ്കുവെച്ചു. അർജുൻ അശോകൻ മലയാളസിനിമയ്ക്ക് മുതൽക്കൂട്ടാവുമെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ജഗദീഷിന്റെ വാക്കുകൾ…
”അതാതു സമയത്തുള്ള യുവാക്കളുടെ കൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. അർജുനും ഫെമിനയുമൊക്കെ ചെറുപ്പക്കാരല്ലേ , അപ്പോൾ അവരുടെ കൂടെ അഭിനയിക്കുമ്പോൾ ഞാനും ചെറുപ്പമായി മാറുന്നു . അർജുൻ അശോകന്റെ കൂടെ ഒരു സിനിമ അഭിനയിച്ചപ്പോൾ ഞാൻ അവന്റെ അത്രയും ചെറുപ്പമായി.

അച്ഛന്റെ കൂടെയും മകന്റെ കൂടെയും അഭിനയിക്കാൻ എനിക്ക് സാധിച്ചു. അശോകന്റെ തുടക്കം മുതൽ തന്നെ നമുക്കറിയാം, ‘ഗോഡ് ഫാദറി’ലുണ്ടായിരുന്നു അദ്ദേഹം. അതിനു ശേഷം പടിപടിയായി വളർന്ന് ഇന്നും നല്ല വേഷങ്ങൾ ചെയ്യുന്നു. എക്കാലത്തും മലയാളികൾ ഓർത്തിരിക്കുന്ന തരത്തിലുള്ള പുതുമ നശിക്കാത്ത നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ‘പഞ്ചാബി ഹൗസ്’, ‘പറക്കും തളിക’, അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ എന്റെ കൂടെയും മോഹൻലാൽ, മമ്മൂക്ക, സുരേഷ് ഗോപി തുടങ്ങി എല്ലാവരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. ചില അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഹരിശ്രീ അശോകൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ കൂടുതലും തമാശ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.

അപ്പോൾ അദ്ദേഹത്തിന്റെ മകൻ സിനിമയിലേക്ക് വരുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഏതുതരത്തിലായിരിക്കും വരുക എന്നൊന്നും അന്ന് പറയാൻ പറ്റിയില്ല. എന്നാൽ കാലം തെളിയിച്ചു. ജൂൺ സിനിമ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് വന്നതെന്ന്. നമ്മളിന്നും ആ കഥാപാത്രത്തെ ഓർത്തിരിക്കാൻ കാരണം അർജുന്റെ പ്രകടനം തന്നെയാണ്. അർജുൻ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളെലാം നല്ലതാണ്.

ആ സിനിമകളിലെല്ലാം എന്തെങ്കിലും പുതുമ ഉണ്ടായിരിക്കും. ഏതൊരു ചിത്രത്തിലും നായകനാണ് കൂടുതൽ റിസ്ക്. അതുപോലെ, ഈ ചിത്രം നായകന്റെ പേരിലാണ് അറിയപ്പെടുന്നത്, ‘തീപ്പൊരി ബെന്നി’. അർജുനും എനിക്കും സമപ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അർജു ആണ് നായകൻ. അതുകൊണ്ടുതന്നെ അർജുൻ ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞപ്പോൾ , ഒപ്പം അഭിനയിക്കാൻ ഞാൻ വളരെ ആകാംഷയിലായിരുന്നു, അഭിനയിച്ചു കഴിഞ്ഞപ്പോഴും എനിക്ക് ആ ത്രില്ല് ഉണ്ട്. റിലീസിന് ശേഷവും ആ ത്രില്ല് ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ.”

