യുട്യൂബിൽ നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. കുടുംബത്തിൽ ആറുപേർക്കും സ്വന്തമായി സമൂഹ മാധ്യമ അക്കൗണ്ടുകളും യുട്യൂബ് ചാനലുകളും ഉണ്ട്. അവയിലൂടെ കുടുംബം പങ്കുവെയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം വൈറൽ ആകാറുമുണ്ട്. നിരവധി മോശം കമന്റുകൾ ഇവരുടെ വിഡിയോയ്ക്ക് താഴെ വരുകയും, അതിനു തക്കതായ മറുപടികളും ഇവർ കൊടുക്കാറുണ്ട്.
അടുത്തിടെ ഇളയ മകളുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് മകളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ചിത്രം നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. എന്നാൽ അതിനു താഴെ വളരെ മോശം രീതിയിലുള്ള നിരവധി കമന്റുകൾ വന്നിരുന്നു. ഈ വിഷയത്തിൽ വളരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തിൽ തുറന്നടിച്ചത്.
”ഇത്തരം സംഭവങ്ങളിൽ കാഴ്ചപ്പാടിന്റെ പ്രശ്നമുണ്ട്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, അതായത് ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവർക്ക് തല്ലിപ്പൊളി ആയി തോന്നിയേക്കാം. അതൊക്കെ ഒരു വശമാണ്. കൂടാതെ എന്റെ രാഷ്ട്രീയത്തോട് വിയോജിപ്പ് ഉള്ള ആളുകളും ഉണ്ടാകും, ഇങ്ങനെയൊക്കെ എഴുതിക്കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ ചിന്തിക്കുന്നവരായിക്കും അവർ. അതുകൂടാതെ, ഇങ്ങനെയൊക്കെ എഴുതിവിട്ടാൽ ഒരുപാട് വ്യൂസ് ഉണ്ടാക്കാം എന്നും അവർ ചിന്തിക്കും. അത് ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്.
ഈ പോസ്റ്റ് Instagram-ൽ കാണുക
നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ സമൂഹമാധ്യമങ്ങളിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം എന്നെ ഉള്ളു. ഒരാളെ കുറിച്ഛ് മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ താൽക്കാല സമയത്തേക്ക് ലാഭം ലഭിക്കും . എന്നാൽ സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ താങ്ങാനാകാത്ത അടിയാകുമെന്നാണ് ഞാൻ മക്കളോട് എപ്പോളും പറയാറ്. ബന്ധങ്ങളെ മനസിലാക്കാത്ത ചില ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ മോശം രീതിയിലാകും കുടുംബം ഉണ്ടാവുക . താറുമാറായ കുടുംബമായിരിക്കും ചിലപ്പോൾ. അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ് ഇത്തരം മോശം കമൻറുകളിലേക്ക് അവരെ നയിക്കുന്നത്. അതിനെ കുറ്റം പറയാൻ കഴിയുകയില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും ഇത്തരം മോശം കമൻറുകൾ.
അത് ഒരു മകനാണെങ്കിലോ, ആ മകന് അമ്മയെ കെട്ടിപ്പെടിച്ചൂകൂടേ. എന്റെ അമ്മയും ഞാനും നല്ല പ്രായവ്യത്യാസമുള്ള ആളുകളാണ് . അമ്മ വലിയ സ്നേഹ പ്രകടനങ്ങൾ ഒന്നും എന്നോട് കാണിച്ചിട്ടില്ല. അമ്മ എന്നെ കെട്ടിപിടിച്ചതായിട്ടുള്ള ഓർമ്മപോലും എനിക്കില്ല. പക്ഷെ പിന്നീട് ഒരു ഘട്ടത്തിൽ അമ്മ കിടപ്പിലായി പോയിരുന്നു. അപ്പോൾ ഞാൻ അമ്മയെ എടുക്കുകയും വീട്ടിനു മുന്നിൽ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയാറുണ്ട് . പക്ഷെ ഞാൻ ചെയ്യാറുണ്ട് . അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് അമ്മ എന്റെ കൂടെയില്ല.
ഇതുപോലെ ഒരുപാട് ആളുകൾ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്നേഹത്തോടെ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം നമ്മുക്ക് ഉണ്ടാകും. അപ്പോഴേ ആ അവസ്ഥയുടെ വേദന അറിയൂ.”