മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സിനിമകളിൽ സജീവമായ നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടനെതിരെ വധഭീക്ഷണി മുഴക്കിയിരിക്കുകായണ് ഒരു കന്നഡ യൂട്യൂബ് ചാനൽ. ചാനലായ ടി.വി. വിക്രമ എന്ന യൂട്യൂബ് ചാനലാണ് നടനെതിരെ വധഭീക്ഷണി മുഴക്കിയിരിക്കുന്നത്. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് ചാനലിനെതിരെ കേസ് എടുത്തിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
ഇതിനോടനുബന്ധിച്ച് ടി.വി. വിക്രമയിൽ വന്ന ഒരു പരിപാടിയാണ് ഇപ്പോൾ കേസിലേക്ക് എത്തിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയും തനിക്കെതിരെ വധഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്നാണ് പ്രകാശ് രാജ് പറയുന്നത്. അതോടൊപ്പം ചാനൽ ഉടമയുടെ പേരിൽ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് പോലീസിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ പരാതിക്കിടയാക്കിയ പരിപാടി 90,000 പേരാണ് കണ്ടിരിക്കുന്നത്. ഹിന്ദുത്വ അനുകൂല നിലപാടുള്ള ഒരു യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ എന്ന് പറയുന്നത്. പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ പ്രകാശ് രാജ് സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്താറുണ്ട്. പലപ്പോഴും ഇതെല്ലം പല വിവാദങ്ങളും സൃഷ്ടിക്കുന്നതും പതിവാണ്. അതേസമയം കുറച്ച് ആഴ്ചകൾ മുൻപായിരുന്നു ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ എത്തിയിരുന്നത്. പ്രകാശ് രാജിന്റെ ട്വിറ്റർ പോസ്റ്റാണ് താരത്തിനെതിരെയുള്ള വിമർശനത്തിന് ഇടയാക്കിയത്. പ്രകാശ് രാജ് തന്റെ ട്വിറ്ററിൽ ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചിരുന്നു.
പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടനെതിരെ വിമർശനങ്ങൾ വരുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചത് ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്നാണ്. ചന്ദ്രയാൻ 3 എന്ന് പറയുന്നത് ബി.ജി.പിയുടെ ഒരു മിഷൻ അല്ലെന്നും അത് രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം ആണെന്നുമാണ് ചിലർ പറയുന്നത്. അതുകൊണ്ട് തന്നെയും ആ പ്രയത്നത്തെ കാണാതെ നടൻ പരിഹസിച്ചത് ശരിയായില്ലെന്നും ചിലർ പറഞ്ഞു.