‘അച്ഛൻ നഷ്ടപ്പെടുത്തിയ അമ്മയുടെ കമ്മൽ, നാടകം കളിച്ച് ഞാൻ വാങ്ങിക്കൊടുത്തിട്ടുണ്ട്’ : പ്രമോദ് വെളിയനാട്

0
202

നാടകത്തിൽ നിന്നാണ് നടൻ പ്രമോദ് വെളിയനാടിന്റെ അഭിനയരംഗത്തേക്കുള്ള തുടക്കം. അച്ഛൻ നാടകം കളിച്ചുനടന്ന കാലത്ത് നഷ്ടപെടുത്തിയ അമ്മയുടെ ഒരു കമൽ, താൻ നാടകം കളിച്ച് തിരിച്ച് കൊടുത്തതിന്റെ കഥ പറയുകയാണ് നടൻ. മൂവി വേൾഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലൂടെ ആണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രമോദ് വെളിയനാടിന്റെ വാക്കുകൾ…

”അച്ഛൻ പണ്ട് നാട്ടിൻപുറങ്ങളിൽ നാടകം കളിച്ചിരുന്ന സമയത്ത് അമ്മയുടെ ഒരു മൊട്ടുകമ്മൽ പണയം വെച്ചിരുന്നു. അതായത് അക്കാലത്ത് നാടകം കളിക്കാൻ സ്റ്റേജ് കെട്ടാനായി പലക കൊണ്ടുവരണമായിരുന്നു. ഇതിന് നാടകത്തിലുള്ള എല്ലാവരും വീതം വെച്ച് പൈസ എടുക്കുകയാണ് ചെയ്യുക. അങ്ങനെ പലകയ്ക്ക് കൊടുക്കാൻ കാശില്ലാതെ വന്നപ്പോൾ എന്റെ അമ്മയുടെ ഒരു കമ്മൽ അച്ഛൻ വാങ്ങി പണയം വെച്ചു. അന്ന് അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ കയ്യിൽ. എന്നെ പ്രസവിച്ചിട്ട് കൊണ്ടുവരുമ്പോൾ മാലയിടുന്ന ഒരു ചടങ്ങുണ്ട് അന്നൊക്കെ. മാല വാങ്ങിക്കാൻ മാർഗ്ഗമില്ലാഞ്ഞിട്ട് ആ വീട്ടിൽനിന്ന് ഒരു പശുക്കിടാവിനെ തന്നയച്ചിട്ടു പറഞ്ഞു, അതിനെ വളർത്തി വലുതാക്കി വിറ്റിട്ട് മാല വാങ്ങി ഇട്ടുകൊടുക്കാൻ. അന്ന് ഒന്നുമില്ല ഞങ്ങളുടെ കയ്യിൽ. അന്ന് പണയം വെച്ച അമ്മയുടെ ആ മൊട്ടുകമ്മൽ അച്ഛൻ പിന്നെ എടുത്തതുകൊടുത്തിട്ടില്ലായിരുന്നു.

വർഷങ്ങൾ കഴിഞ്ഞ് ഞാൻ നാടകത്തിലേക്ക് വന്നു. അപ്പോൾ നാടകത്തിൽ ചിട്ടി ചേരുന്ന പരിപാടിയുണ്ടായിരുന്നു. അഞ്ഞൂറും മുന്നൂറും രൂപയൊക്കെ ചേർത്ത ചിട്ടി ചേരും. അതിൽനിന്ന് കിട്ടിയ പൈസ കൊണ്ടുവന്നിട്ട് ഞാൻ ഭാര്യയോട് പറഞ്ഞു, നമുക്ക് ചങ്ങനാശ്ശേരി പോകാമെന്ന്. അങ്ങനെ അവിടെ ചെന്ന് കമ്മൽ വാങ്ങിച്ചു വന്നു. എന്നിട്ട് അച്ഛനെ വിളിച്ചിട്ട് അത് കയ്യിൽ വെച്ചുകൊടുത്തു. എന്നിട്ട് ഞാൻ പറഞ്ഞു , പണ്ട് നാടകം കളിച്ച് അമ്മയുടെ ഒരു കമ്മൽ നഷ്ടപ്പെടുത്തീലെ , ഇത് ഞാൻ നാടകം കളിച്ചു തിരിച്ചു വാങ്ങിച്ചതാണ് അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞു. അതിപ്പോഴും അമ്മയുടെ പക്കലുണ്ട്. ”

ഒരുപാട് കഷ്ടപ്പാടുകളും ദുരിതവും അനുഭവിച്ചാണ് പ്രമോദ് വെളിയനാട് സിനിമാ മേഖലയിലേക്ക് എത്തിയത്. നാടകത്തിലൂടെയാണ് താരത്തിന്റെ അഭിനയത്തിന്റെ തുടക്കം. അച്ഛൻ നാടകത്തിലായിരുന്നു. പണ്ടുകാലത്ത് നാടകത്തിലുള്ള പല ആളുകളും തന്നെ തീയേറ്ററിന്റെ പരിസരത്തുനിന്നും ഓടിച്ചു വിട്ടിട്ടുണ്ടെന്നും എന്നാൽ പിന്നീട് അവരോടൊപ്പംതന്നെ അഭിനയിക്കാൻ സാധിച്ചെന്നും താരം പറഞ്ഞിരുന്നു. മൂവി വേൾഡ് മീഡിയയുടെ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here