കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു സിനിമ സീരിയൽ താരം അപർണ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അപർണയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിച്ചു വരികയാണ്.
എന്നാൽ ഇപ്പോൾ അപർണയുടെ ഭർത്താവ് സഞ്ജിത്ത് ഈ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നാണ് സഞ്ജിത്ത് പറയുന്നത്. അതോടൊപ്പം വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്ന് ലൊക്കേഷനിൽ തങ്ങൾ ഒരുമിച്ചാണ് പോയതെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും സഞ്ജിത്ത് പറഞ്ഞു. അപർണ മരിക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നെന്നും ‘അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ വീട്ടിൽ എത്തിയതെന്നും സഞ്ജിത്ത് പറഞ്ഞു.
അപർണ മരിക്കുന്ന സമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപർണ തൂങ്ങി നിൽക്കുന്നതായി ‘അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപ് അപർണ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു. കൂടാതെ അമ്മയെ വീഡിയോ കോൾ ചെയ്ത് വിഷമങ്ങൾ അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മയോട് താൻ പോകുകയാണെന്നായിരുന്നു അപർണ പറഞ്ഞിരുന്നത്.
വൈകീട്ട് ആറ് മണിക്കായിരുന്നു അപർണ അമ്മയെ വിളിച്ചത്. ഏഴ് മണിയോടെ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ അപർണ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. എന്നാൽ മരണത്തിന് തൊട്ടു മുൻപ് അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കു വെച്ചിരുന്നു. അപർണ തന്റെ രണ്ടാമത്തെ മകളുടെ ഒരു വീഡിയോ ആയിരുന്നു പങ്കു വെച്ചിരുന്നത്. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്. എന്നാൽ ഈ അടുത്ത കുറച്ച് ദിവസങ്ങളായി താരം സോഷ്യൽ മീഡിയയിൽ നിരാശാജനകമായതും പ്രതീക്ഷകൾ അസ്തമിച്ച പോലെയും തോന്നിയിരുന്ന പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്.