മലയാളത്തിൽ ചെയ്ത സിനിമകളെല്ലാം വിജയമാക്കിയ നടിയാണ് മേഘ്ന. വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രം അതിൽ എടുത്തു പറയുന്ന തരത്തിലുള്ള ഒന്നായിരുന്നു. എന്നാൽ മലയാളത്തിൽ താൻ ആ സിനിമകൊണ്ടുമാത്രമല്ല അറിയപ്പെടുന്നതെന്നും മറ്റു ചിത്രങ്ങളുടെ പേരിലും അറിയപ്പെടുന്നുണ്ടെന്നും പറയുകയാണ് താരം. ‘തദ്സമ തത്ഭവ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി കൊച്ചിയിൽ എത്തിയതായിരുന്നു താരം.
മേഘ്നയുടെ വാക്കുകൾ…
”യക്ഷിയും ഞാനും’ എന്ന സിനിമയുടെ പേരിൽ മാത്രമല്ല ഞാൻ അറിയപ്പെടുന്നത്, അതിനൊപ്പം തന്നെ, ‘ബ്യൂട്ടിഫുൾ’, ‘മെമ്മറീസ്സ്’, ‘നമുക്ക് പാർക്കാൻ’ എന്നീ സിനിമകളുടെ പേരിലും ഞാൻ അറിയപ്പെടുന്നുണ്ട്. സ്വപ്നതുല്യമായ ഒരു തുടക്കമാണ് വിനയൻ സാർ എനിക്ക് തന്നിട്ടുള്ളത്. യക്ഷിയും ഞാനും ചെയ്യുമ്പോൾ ഇത്ര പോലും മലയാളം സംസാരിക്കാൻ എനിക്കറിയില്ല. അന്ന് സിനിമയിൽ ഞാൻ പുതിയ ഒരാളായിരുന്നു. ഇവിടെ എനിക്കാരെയും അറിയില്ലായിരുന്നു. കന്നഡ ഇൻഡസ്ട്രിയിൽ ഞാനൊരു താരപുത്രി ആണെങ്കിലും ഇവിടെ ഞാൻ അങ്ങനെ അല്ലായിരുന്നു. ആ സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് ഒരു അടിത്തറ ലഭിക്കുന്നത്. അതിനു ഞാൻ വിനയൻ സാറിനോട് നന്ദിയുള്ളവൾ ആയിരിക്കും.
അദ്ദേഹത്തിന്റെ കൂടെ രണ്ടു സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. രഘുവിന്റെ സ്വന്തം റസ്‌ലിയയും, യക്ഷിയും ഞാനും. അത് കഴിഞ്ഞിട്ട് ബ്യൂട്ടിഫുൾ ചെയ്തു. അതിനു ശേഷം എനിക്ക് മനസിലായി ആളുകൾ എന്നെ ഏറ്റെടുത്തു ഏന്ന്, അവരുടെ സ്വന്തം ആളായിട്ട്.
ആരും എന്നെ ഒരു കന്നഡിക ആയി കണ്ടിട്ടില്ല. എല്ലാവരും എന്നെ മലയാളികൾക്കിടയിൽ ഒരാളായി ആണ് കണ്ടത്. ആ സിനിമയിലെ യക്ഷിപോലെ ഞാൻ മാത്രമേ ഉള്ളു എന്നും തോന്നുന്നു.
തദ്സമ തത്ഭവ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വരുന്നത് ഞാനെന്റെ ഒരു നല്ല തീരുമാനമായാണ് കണക്കാക്കുന്നത്. കാരണം മലയാളത്തിൽ നിന്നും നിരവധി നല്ല സിനിമകൾ വരുന്നുണ്ട്, പുറത്തു ചർച്ചചെയ്യപ്പെടുന്നുമുണ്ട്. മലയാളത്തിൽ സിനിമകൾ ചെയ്യാൻ വലിയ ആഗ്രഹമാണ് എനിക്ക്. മറ്റു പല നടിമാരും മലയാളം ഇൻഡസ്ട്രി വിട്ട് പല ഇൻഡസ്ട്രികളിലേക്കു പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷെ മലയാളത്തിലേക്ക് തിരിച്ചു വരുന്നത് എനിക്ക് വലിയ സന്തോഷമാണ് നൽകുന്നത്. ഇവിടെ വർക്ക് ചെയ്യുന്നത് ഒരുപാട് ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. മലയാളത്തിൽ നിരവധി കലാമൂല്യമുള്ള സിനിമകൾ വരികയും ചർച്ചചെയ്യപെടുകയും ചെയ്യുന്നുമുണ്ട്.”