സമൂഹമാധ്യമങ്ങളിൽ വളരെ പ്രശസ്തയായ മോഡലും നടിയും ഒക്കെയാണ് ജാനകി സുധീർ. നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണമെന്ന് തോന്നുന്ന കാര്യമെന്ന് പറയുകയാണ് താരം. കാർ പോലുള്ള മറ്റു വസ്തുക്കളോടൊന്നും തനിക്കു വലിയ താല്പര്യമില്ലെന്നും, സിനിമകളുടെ സെറ്റിൽ നിന്നും സെറ്റുകളിലേക്ക് പോകാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും താരം പറയുകയുണ്ടായി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
ജാനകി സുധീറിന്റെ വാക്കുകൾ…
”നല്ല സിനിമകളുടെ ഭാഗമാവണം എനിക്ക്. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണമെന്ന് തോന്നിയിട്ടുള്ള കാര്യം. കാറുകളോടും , വണ്ടികളോടും ഒന്നും എനിക്ക് വലിയ താല്പര്യമില്ല. പക്ഷെ സ്വന്തമായി എനിക്കൊരു വണ്ടിയുണ്ട്. എനിക്ക് സിനിമകളുടെ സെറ്റിൽ നിന്നും സെറ്റുകളിലേക്ക് പോവുക, അഭിനയിക്കുക അങ്ങനെ ഒക്കെയുള്ള സംഭവങ്ങളാണ് താല്പര്യം. പിന്നെ എനിക്കുള്ള മറ്റൊരു ആഗ്രഹം എന്ന് പറയുന്നത് എനിക്ക് സ്വന്തമായി ഒരു നല്ല വീട് വേണമെന്നുള്ളതാണ്. അത് എനിക്ക് കുറച്ചു സമയമുണ്ട് , അതിനുള്ളിൽ അത് ഞാൻ നേടിയെടുക്കും. ഇപ്പോൾ എനിക്ക് അഭിനയത്തോട് മാത്രമാണ് താല്പര്യം, സംവിധാനം അല്ലെങ്കിൽ മറ്റുള്ള സിനിമയിലെ ടെക്‌നികൽ ജോലികളോടൊന്നും ഇതുവരെ താല്പര്യം തോന്നിയിട്ടില്ല.
ഇതുവരെ അഭിനയിച്ചതിനെ കുറിച്ച് ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല, എല്ലാവരും നന്നായി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇനി മുന്നോട്ടുപോകുമ്പോഴേക്ക് എന്താണ് അവസ്ഥ എന്ന എനിക്കറിയില്ല. ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ പോകുമ്പോഴൊക്കെ പല സംവിധായകരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനെ ചെറിയ വേഷങ്ങളിൽ ഒക്കെ അഭിനയിക്കുന്നത്, നല്ല കഴിവുണ്ടല്ലോ, നല്ല ഓഫറുകൾ നോക്കി തിരഞ്ഞെടുത്തുകൂടെ എന്നൊക്കെ.
ചിത്രത്തിൽ ഒരു നാലോ അഞ്ചോ സീനുകളെങ്കിലും എനിക്ക് വേണം അങ്ങനെയാണ് ഞാൻ ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളത്. കാരണം ഞാൻ ഒരു സീനിൽ മാത്രം അഭിനയിച്ചികൊണ്ടിരുന്നാൽ , പിന്നെ എന്നെ ഒരു സീനിലേക്കു മാത്രമേ വിളിക്കുകയുള്ളു. അതങ്ങനെയാണ്, അങ്ങനെയൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ട് തിരഞ്ഞെടുക്കുമ്പോൾ ഞാൻ ശ്രദ്ധിക്കും , എന്നാലെ എനിക്ക് വളർച്ചയുണ്ടാവുകയുള്ളു. ടിക്കറ്റിന്റെ പണം എങ്കിലും മുതലാവണമല്ലോ. കാരണം ഞാൻ ദുബായിൽ നിന്നൊക്കെ കേരളത്തിൽ പോയി അഭിനയിക്കുന്നതല്ലേ.
ഒരു സിനിമ കണ്ടിറങ്ങുമ്പോൾ നമ്മൾ ചെയ്ത കഥാപാത്രം ആളുകളുടെ മനസ്സിൽ ഉണ്ടാകണം എന്നൊക്കെയുള്ള ചിന്ത ആദ്യമൊക്കെ എനിക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോഴില്ല, കാരണം ചങ്ക്‌സ് എന്ന സിനിമയിൽ ഞാൻ ഒന്നോ രണ്ടോ സീനുകൾ മാത്രമാണ് ചെയ്തതെങ്കിലും ആളുകളുടെ മനസ്സിൽ അതുണ്ട്. എന്നാൽ അതുകഴിഞ്ഞു എനിക്ക് നിറയെ സിനിമകളൊന്നും കിട്ടിയില്ല. പിന്നെയും അങ്ങനെ ഒന്നും രണ്ടും സീനുള്ള ചിത്രങ്ങളാണ് ചെയ്തത്. അല്ലാതെ ചങ്ക്‌സിൽ ഞാൻ നല്ല കഥാപാത്രം ചെയ്തെന്നു കരുതി എനിക്കാരും മറ്റൊരു നല്ല കഥാപാത്രത്തെ തന്നിട്ടില്ല. പ്രേക്ഷകരുടെ മനസ്സിൽ മാത്രം ഉണ്ടായിട്ടു കാര്യമില്ല, ആ വർക്കിൽ നമ്മളും കൂടെ ആക്റ്റീവ് ആയിരിക്കണം.”