ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് നടി വിൻസി അലോഷ്യസിനാണ്. ‘രേഖ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താര ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ വേദിയിൽ താരം വിങ്ങിപ്പൊട്ടിയിരുന്നു. താൻ ഏറെ ആഗ്രഹിച്ചിരുന്നൊരു സ്വപ്നമാണ് ഇതെന്നും അത് ഇന്ന് നടന്നെന്നും താരം വേദിയിൽ പറയുകയുണ്ടായി.
വിൻസി അലോഷ്യസിന്റെ വാക്കുകൾ..
”ഒരുപാട് സന്തോഷമുണ്ട്. കാരണം ഒരുപാട് ആഗ്രഹിച്ചൊരു കാര്യമാണിത്. അതിന്ന് നടന്നു. എന്റെ കുടുംബമെല്ലാം ഇവിടെയുണ്ട്, അതുകൊണ്ടുതന്നെ ഞാൻ വളരെ സന്തോഷവതിയാണിന്ന്.. കരയില്ല എന്ന് വിചാരിച്ചിരുന്നു, പക്ഷെ കഴിഞ്ഞില്ല, കരഞ്ഞു കുളമാക്കി,” എന്നുപറഞ്ഞുകൊണ്ടാണ് താരം വാക്കുകൾ നിർത്തിയത്.
മികച്ച നടിക്കുള്ള അൻപത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വിൻസി അലോഷ്യസ് സ്വന്തമാക്കിയത് . ‘രേഖ’ എന്ന സിനിമയിലെ ശക്തവും ആഴമേറിയതുമായ കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിനാണ് താരം ഈ പുരസ്‌കാരത്തിനർഹയായത്. മലപ്പുറത്തെ പൊന്നാനിയിൽ ജനിച്ച വിൻസി അലോഷ്യസ് ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടിയിട്ടുണ്ട്. അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമാണ് വിൻസിയെ നായികാ നായകനെന്ന റിയാലിറ്റി ഷോയിലേക്കെത്തിക്കുന്നത്. മത്സരത്തിൽ വിജയിയായില്ലെങ്കിലും ഇന്ന് സിനിമാലോകത്ത് നിറഞ്ഞുനിൽകുന്ന ഒരേ ഒരു മത്സരാർത്ഥി വിൻസി തന്നെയാണ്.
2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ ‘വികൃതി’യിലൂടെയാണ് വിൻസി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ സൗബിൻ ഷാഹിറിനൊപ്പം വിൻസി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജന ഗണ മന’, എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിൽ വിൻസി വേഷമിട്ടിട്ടുണ്ട്.
2021-ൽ കരിക്ക് മിനി-സീരീസ് കലക്കാച്ചിയിൽ വിൻസി പ്രത്യക്ഷപ്പെട്ടു.പിന്നീട് 2022-ലെ എമിലി എന്ന വെബ് സീരീസിലും വിൻസി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. വർഷങ്ങളോളം ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കേണ്ടിവന്നതു മൂലം ഒരു സൈക്കോപതിക് കില്ലറായി മാറുന്ന എമിലിയായി വിൻസി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത് .കൊലയാളിയെ നേരിടാൻ ഭയന്ന സ്ത്രീയിൽ നിന്ന് സ്വന്തം സഹോദരനെ കൊല്ലുന്ന ഒരു മനോരോഗിയായുള്ള വിൻസിയുടെ പരിവർത്തനം വിന്സിയുടെ അഭിനയമികവിന്റെ സാക്ഷ്യമാണെന്നു നിരവധി നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു. ഫേസ് റ്റു ഫേസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നുണ്ട് വിൻസി .