അമ്മയുടെ ചികിത്സ :അമ്മയ്ക്കൊപ്പം നിൽക്കാൻ ആമിർ ഖാൻ ചെന്നെെയിലേക്ക് താമസം മാറ്റും

0
275

സിനിമാ മേഖലയിലും, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും മടിയൊന്നുംകൂടാതെ ഇടെപെടുന്ന ബോളിവുഡ് താരമാണ് ആമിർഖാൻ. താരമിപ്പോൾ കുറച്ചുകാലത്തേക്ക് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് താമസംമാറ്റുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമ്മ സീനത്ത് ഹുസൈന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മാറ്റം എന്നാണ് വിവരങ്ങൾ. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരത്തിന്റെ താമസമെന്നും, രണ്ടുമാസമെങ്കിലും ഇവിടെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

സീനത്ത് ഹുസൈനെ ഇതിനകം തന്നെ ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ആശുപത്രിക്കു സമീപത്തുള്ള ഹോട്ടലാണ് ആമിർ താമസിക്കാനായി ബുക്കുചെയ്തിരിക്കുന്നത്. ആരോഗ്യം വളരെ മോശമായ അമ്മയ്ക്കൊപ്പം എപ്പോഴുമുണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ് താമസം മാറ്റാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചത്. സിനിമാഭിനയവും നിർമാണവും കൂടാതെ ഇനി കൂടുതൽസമയം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചുവെന്ന് കുറച്ചുനാൾമുമ്പും ആമിർ പറഞ്ഞിരുന്നു.

ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് താരം മുൻപ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നു പറഞ്ഞത്. മാധ്യമങ്ങളെ സാക്ഷി നിർത്തിയായിരുന്നു ആമിർ ഖാന്റെ ഈ പ്രതികരണം. പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലർ ലോഞ്ചിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘എല്ലാവരും ആകാംക്ഷയിലാണെന്നറിയാം. അതുകൊണ്ടുതന്നെ ഒരുകാര്യം പറയാനാ​ഗ്രഹിക്കുന്നു. നിലവിൽ സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോൾ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും.’’ എന്നാണ് ആമിർ ഖാൻ അന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.

സൂപ്പര്‍ താര പദവിക്ക് പുതിയ മാനം നല്‍കിയ നടനാണ് ആമിര്‍ ഖാന്‍. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു സിനിമയാണ് ആമിറിന്റെ രീതി. ആമീറിന്റെ സിനിമ പോലെതന്നൊണ് അദ്ദേഹത്തിന്റെ പ്രണയകഥകളും. കരിയറില്‍ ആമിര്‍ വളരെ ശ്രദ്ധിച്ചാണ് സിനിമയെടുക്കുന്നത്. ആരാധ്യ പുരുഷനായി വാഴ്ത്തുമ്പോഴും തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പുകളെ ഇത് ബാധിക്കാതിരിക്കാന്‍ ആമിര്‍ ഖാന്‍ എന്നും ശ്രദ്ധിച്ചു. ട്രെന്‍ഡുകളനുസരിച്ച് സിനിമ തെരഞ്ഞെടുക്കുന്ന രീതിയും ആമിറിനില്ല. ഇഷ്ടപ്പെട്ട കഥ വന്നാല്‍ ആ കഥ സിനിമയാക്കാന്‍ ആത്മാര്‍ത്ഥമായി നടന്‍ ശ്രമിക്കുകയും ചെയ്യുന്നു. സിനിമയില്‍ അഭിനയിക്കുന്ന എന്നതിനപ്പുറം തിരക്കഥ, സംവിധാനം, കാസ്റ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും ആമിര്‍ ഇടപെടും. സിനിമയുടെ വിജയ പരാജയം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നടനെ തന്നെയായതിനാലാണ് ഒരു സിനിമയിലേക്ക് ഇത്ര മാത്രം ശ്രദ്ധ ആമിര്‍ കൊടുക്കുന്നത്. അതിനാല്‍ തന്നെ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് ആമിറിന് സിനിമാ ലോകത്തുള്ള വിളിപ്പേര്.

LEAVE A REPLY

Please enter your comment!
Please enter your name here