കരൾ മാറ്റിവച്ചവരുടെ കൂട്ടായ്മയാണ് അമൃതസ്പർശം. എറണാകുളം അമൃത ആശുപത്രിയിൽ കരൾ മാറ്റിവച്ചവരുടെ അമൃതസ്പർശത്തിന് തുടക്കം. ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുമായി സഹകരിച്ചാണ് അമൃത ആശുപത്രി ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമ നടൻ ആസിഫ് അലിയാണ് ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം സിനിമയിലെ മറ്റു പ്രമുഖ താരങ്ങളായ ബാലയും സലിംകുമാറും ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയിരുന്നു. വേദിയിൽ വെച്ച്, ബാല തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

തനിക്ക് പുതിയ ജീവിതം തിരിച്ചു കിട്ടാൻ കൂടെ നിന്നു പ്രാർത്ഥിച്ച എല്ലാവർക്കും ബാല നന്ദി പറയുകയും ചെയ്തു. എന്നാൽ അതേസമയം സലിം കുമാർ പറഞ്ഞത്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തന്നോട് പറഞ്ഞപ്പോൾ ഓപ്പറേഷനെ പേടിച്ച് നാട്ടുവൈദ്യൻമാരെ തേടിപ്പോയ തനിക്ക് പറ്റിയ ചില അബദ്ധങ്ങളെക്കുറിച്ചാണ്. അതോടൊപ്പം പലരും മരണത്തെ കണ്മുൻപിൽ കാണുന്ന അവസരത്തിലാണ് കരൾരോഗങ്ങളെപ്പറ്റി തിരിച്ചറിയുന്നതെന്നും ഈ ഘട്ടത്തിൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന ഡോക്ടർമാർ ദൈവതുല്യരാണെന്നും സലിം കുമാർ പറഞ്ഞു.

അതോടൊപ്പം കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ അമൃത ആശുപത്രിയിൽ 1200 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 350 റോബോട്ടിക് ഡോണർ ഹെപാറ്റെക്ടമികളും നടന്നിട്ടുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു ബാല തനിക്ക് കരൾ പകുത്തു നൽകിയ ആളെ പരിചയപ്പെടുത്തിയത്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ബാല തനിക്കു കരൾ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയെ പരിചയപ്പെടുത്തിയത്.

കരൾ രോഗം ബാധിച്ചു കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ബാല ചികിത്സ നേടിയത്.അനിവാര്യമായ സമയത്ത് സ്വജീവൻ പോലും പരിഗണിക്കാതെ തനിക്കു കരൾ തന്ന ആളെയാണ് ബാലയിപ്പോൾ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നതു താൻ മരിച്ചാലും ചേട്ടനെ രക്ഷിക്കണമെന്നും ചേട്ടൻ രക്ഷപ്പെട്ടാൽ ഒരുപാടു പേർക്ക് ചേട്ടനിലൂടെ സഹായം ലഭിക്കുമെന്നുമാണ് ജോസഫ് ശസ്ത്രക്രിയക്ക് മുൻപ് ഡോക്ടർമാരോട് പറഞ്ഞതെന്നും ബാല പറഞ്ഞു. ജോസഫും കുടുംബവുമായും തനിക്കിപ്പോൾ നല്ല സൗഹൃദമുണ്ടെന്നും തനിക്കു ജീവൻ തിരിച്ചു നൽകിയത് ഇദ്ദേഹമാണെന്നും ബാല പറഞ്ഞു.

