പ്രതീക്ഷിക്കാത്ത വിജയത്തിളക്കത്തിലാണ് ‘ആർഡിഎക്സ്’ എന്ന സിനിമ ഇപ്പോഴുള്ളത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ ഒന്നിച്ചെത്തിയ ആക്ഷൻ സിനിമ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമ നിർമ്മിച്ചത്. ഇപ്പോൾ സോഫിയ പോളും ആന്റണി വർഗീസ് പെപ്പെയും ഒന്നിച്ചെത്തുന്ന മറ്റൊരു ആക്ഷൻ സിനിമ ആരംഭിക്കുമെന്ന വാർത്തകളാണ് പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്നത്.
ആർഡിഎക്സിന്റെ മാസ്മരിക വിജയത്തിന് ശേഷമാണ് വീക്കെൻ്റ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. തമിഴ് സംവിധായകനായ എസ് ആർ പ്രഭാകരൻ കൂടാതെ സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച സംവിധായകനാണ് അജിത് മാമ്പള്ളി. കടൽ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു പ്രതികാര ആക്ഷൻ ഡ്രാമയാണ് ചിത്രം കെെകാര്യം ചെയ്യുന്നതെന്നാണ് സൂചനകൾ. ആർ.ഡി.എക്സ് പോലെ വലിയ ക്യാൻവാസ്സിൽ, വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. വമ്പൻ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരങ്ങളുടെ നിർണ്ണയം പൂർത്തിയായി വരുന്നതേയുള്ളു.
റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതവും, പശ്ചാത്തല സംഗീതവും തയ്യാറാക്കുന്നത് സാം സി. എസ് ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാൻ സിലോസും, കലാസംവിധാനം ചെയ്യുന്നത് മനു ജഗതുമാണ്. മേക്കപ്പ് ചെയ്യുന്നത് അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈനറായി നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ് എന്നിവരാണ്. കൊച്ചിയിലെ ഇടപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന അഞ്ചു മന ദേവീക്ഷേത്രത്തിൽ സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച നടക്കുന്ന പൂജാ ചടങ്ങോടെയാണ് ഈ പുതിയ ചിത്രത്തിന് ആരംഭം കുറിക്കുക. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണമാരംഭിക്കുക. രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക എന്നാണ് വിവരം.
സോഫിയ പോൾ ആന്റണി വർഗീസ് കൂട്ടുകെട്ടിലെത്തിയ ‘ആർഡിഎക്സ്’ സൂപ്പർ ഹിറ്റ് ആയപ്പോൾ അതിലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഈ സിനിമയിലുള്ളത്. വീണ്ടുമൊരു ആക്ഷൻ സിനിമയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വമ്പൻ വിരുന്ന് തന്നെയായിരിക്കും ഈ സിനിമയെന്നതാണ് അണിയറപ്രവർത്തകർ പറയുന്നത്.