‘ഖസാക്കി​ന്റെ ഇതിഹാസം എന്ന നാടകത്തിലൂടെയാണ് ഞാൻ അഭിനയത്തിന്റെ മറ്റൊരു തലം നേരിട്ടത്’ : മനോജ് കെ യു

0
229

ചെറുപ്പം മുതൽ തന്നെ തനിക്ക് അഭിനയ മോഹം ഉണ്ടായിരുന്നുവെന്നും, നാടകങ്ങളിലൂടെയാണ് താൻ അഭിനയത്തിന്റെ ആവേശം കണ്ടറിഞ്ഞതെന്നും പറയുകയാണ് നടൻ മനോജ് കെ യു. ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആദ്യം നാടകങ്ങളുടെ ലെെറ്റിങ് ആണ് താരം ചെയ്തിരുന്നത്, പിന്നീടാണ് നാടകാഭിനയത്തിലേക്ക് കടന്നുവന്നത്.

മനോജ് കെ യുവി​ന്റെ വാക്കുകൾ…

”അഭിനയമോഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു, അത് ഉള്ളിൽ മാത്രമാണുണ്ടായിരുന്നത്. അങ്ങനെ നമ്മുടെ നാട്ടിലെ ഒരു ക്ലബിൽ ഒരു നാടകം എടുക്കുന്നു, ഞാൻ വയറിങ് ചെയ്യുന്നത്കൊണ്ട്, നീ ലൈറ്റ് ചെയ്തോ എന്ന് ബാബു അന്നൂർ എന്നോട് പറഞ്ഞു. ബാബുവേട്ടനാണ് എന്നെ നാടകത്തിലേക്ക് കൊണ്ടുവന്നത്. അങ്ങനെ ലൈറ്റ് ചെയ്യാൻ എന്നെ പഠിപ്പിച്ചു. പിന്നെ അതിനോടൊരു അഭിനിവേശം കയറി. പിന്നീട് ലൈറ്റ് ഡിസൈൻ ചെയ്യാനും തുടങ്ങി.

പിന്നെ നമ്മൾ അന്നൂർ നാടകവീട് എന്ന പേരിൽ ബാബുവേട്ടന്റെ നേതൃത്വത്തിൽ ഒരു നാടകം തുടങ്ങി. അന്ന് ബഷീറിന്റെ ‘പ്രേമലേഖനം’ ചെയ്യാനാണ് പ്രിയൻ വരുന്നത്, അതായത് പ്രിയൻ വല്ലച്ചിറ. ഇവിടെയെത്തിയിട്ടാണ് അദ്ദേഹം പ്രിയാനന്ദനൻ ആവുന്നത്. നാടകവീടിന്റെ പ്രേമലേഖനം കളിക്കുമ്പോഴാണ് നോട്ടീസിൽ ദീപവിതാനം മനോജ് കെ യു എന്ന് അച്ചടിച്ച് വരുന്നത്, ആ നോട്ടീസ് ഇന്നും എന്റെ വീട്ടിലുണ്ട്. അതിലാണ് ആദ്യമായി എന്റെ പേര് വരുന്നത്. അങ്ങനെ നാടകവീട് തുടങ്ങുകയും, ലൈറ്റുകൾ ചെയ്തും, ക്യാംപസ് നാടകത്തിന് ലൈറ്റ് ഡിസൈൻ ചെയ്യാനുമൊക്കെ പോയിത്തുടങ്ങി. പിന്നീട് ചേട്ടന്റെ പ്രൊഫഷണൽ നാടകത്തിന്റെ കൂടെയും പോകും അതിന്റെയും ഡിസൈൻ ചെയ്യും. അങ്ങനെ അത് ഭയങ്കര പാഷൻ ആയി.

അങ്ങനെയിരിക്കുമ്പോഴാണ് സാമുവൽ ബക്കറ്റിന്റെ ‘വെയ്റ്റിങ് ഫോർ ഗോദോ’ എന്ന നാടകം ഞാനും എന്റെ സുഹൃത്ത് സി കെ സുനിലും രാജേഷ് കാർത്തിയും കൂടി ചേർന്ന് എടുക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ എസ് സുനിൽ എന്ന് പറഞ്ഞ സംവിധായകനെ നമ്മൾ വിളിക്കുകയും റിഹേഴ്സൽ ചെയ്യുകയും ചെയ്തു. രാജേഷും സുനിലും ആണ് അഭിനയിക്കുന്നത്. ഉത്തരമേഖലാ അമേച്വർ നാടകത്തിൽ കളിക്കേണ്ടതിനും 7 ദിവസം മുന്നേ രാജേഷിന് ഒരു പനി വന്നിട്ട് കളിക്കാൻ പറ്റാതെയായിപ്പോയി. ഏഴു ദിവസം കൊണ്ട് രണ്ട് പേജ് ഡയലോഗ് ഒക്കെയുള്ള സാധനം സുനിൽ നിർബന്ധിച്ചിട്ടാണ് ഞാൻ ചെയ്യുന്നത്. പിന്നെ അഭിനയം തുടങ്ങി , ഉത്തരമേഖലാ അമേച്ചർ നാടകമത്സരത്തിന് കളിച്ചു , ഏറ്റവും നല്ല നടനുള്ള സമ്മാനം ഒക്കെ കിട്ടിയതോടുകൂടി, ഞാൻ തീരുമാനിച്ചു , ഞാൻ നടനും ആണല്ലേ എന്ന്.

വളരെ കുറച്ച് നാടകത്തിലേ ഞാൻ അഭിനയിച്ചിട്ടുള്ളു . ആയുസിന്റെ പുസ്തകം, ഫിദൽ കാസ്ട്രോ, നാട്ടിലെ പാട്ട് ഇതൊക്കെ കഴിഞ്ഞിട്ടാണ് ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ അഭിനയിക്കുന്നത്. അവിടെയാണ് അഭിനയത്തിന്റെ മറ്റൊരു തലം ഞാൻ നേരിടുന്നത്. സിനിമയും നാടകവും രണ്ടല്ലേ എന്നുള്ള ചോദ്യങ്ങൾ വരാറുണ്ട്. അതെ, അത് രണ്ടും രണ്ടാണ്, എന്നാലും ഖസാക്കിന്റെ ഇതിഹാസത്തിൽ സിനിമയിൽ അഭിനയിക്കുന്നപോലെ കുറച്ചുകൂടി നാച്ചുറലായ അഭിനയമായിരുന്നു ദീപൻ ശിവരാമന് വേണ്ടിയിരുന്നത്. അതിന്റെ പ്രോസസിലൂടെ കടന്നുപോയപ്പോൾ നിരവധി അറിവുകൾ കിട്ടിയിട്ടുണ്ട്. അതായിരിക്കും സിനിമയിൽ നാച്ചുറൽ അഭിനയത്തിന് കാരണമായി വന്നത്.”

LEAVE A REPLY

Please enter your comment!
Please enter your name here