ആന്റണി വർഗീസ്, നീരജ് മാധവ്, ഷൈൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. ചിത്രം മലയാളത്തിൽ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്റണി വർഗീസ് ചിത്രത്തിന്റെ നിർമാതാവായ സോഫിയ പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജയിലർ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയത് പോലെ ഞങ്ങൾക്കും പോർഷെ സമ്മാനമായി നൽകാം എന്ന് പറഞ്ഞിരുന്നു. ഇതിനു തുടർച്ച എന്ന രീതിയിലാണ് ഇപ്പോൾ പങ്കുവെച്ച പോസ്റ്റ്.
അത്തരത്തിൽ ഒരു പോസ്റ്റിട്ടത് നഹാസിന്റെ പ്ലാൻ ആണെന്ന് ഞാൻ ആരോടും പറയുന്നില്ല എന്നാണ് ആന്റണി പോസ്റ്റിൽ കുറിച്ചത്.
ആന്റണി വർഗീസിന്റെ പോസ്റ്റ് ഇങ്ങനെ…
ആർഡിഎക്സിലെ യഥാർത്ഥ ഹീറോ…. നഹാസ്. ഞങ്ങളെ മൂന്ന് പേരെ വച്ചു മികച്ച സിനിമ ഒരുക്കിയതിനു, പ്രേക്ഷകർ ഞങ്ങളുടെ കഥാപാത്രത്തെ കുറിച്ച് നല്ലത് പറയുന്നതിന് നന്ദി നഹാസ് ബ്രോ നന്ദി…… പിന്നെ നഹാസ് പറഞ്ഞപോലെ ഞാൻ ഇന്നലെ കാറിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അത് നഹാസിന്റെ പ്ലാൻ ആണെന്ന് ഞാൻ ആയിട്ട് ആരോടും പറയുന്നില്ല.
നിരവധി ആരാധകരാണ് പെപ്പെയുടെ ഈ പോസ്റ്റ് ശരിവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സോഫിയ ചേച്ചി നഹാസിനു ഒരു ബിഎംഡബ്ള്യു കാർ എന്തായാലും കൊടുക്കണം അതിനുള്ള പണി നഹാസ് എടുത്തിട്ടുണ്ട്… മലയാളത്തിന്റെ ലോകേഷ് ആണ് നഹാസ്, പാവം ഒന്നും അറിയാത്ത പോലെ ചിരിച്ച് നിൽക്കുന്ന നഹാസ് ക്ക, തള്ളി പറഞ്ഞവർക്ക് നിങ്ങൾ സെബാന് കൊടുത്ത ഇടി പോലെ ആണ് ഈ വിജയം തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് വരുന്നത്.
അതേസമയം, ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. ഇപ്പോഴിതാ റിലീസ് ആയി 9 ദിവസത്തിന് ശേഷം 50 കോടി നേടി മികച്ച കളക്ഷനോടെ മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും 18 കോടി രൂപ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ചിത്രം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സും ഉൾപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
View this post on Instagram
ചിത്രത്തിൽ നായകന്മാരെപ്പോലെതന്നെ വില്ലൻമാരും, മറ്റു അഭിനേതാക്കളുമെല്ലാം വളരെയധികം ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. തീയേറ്ററുകളിൽ വളരെ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ, വില്ലന്‍ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെക്കുറിച്ച് ആന്‍റണി വര്‍ഗീസ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രം വില്ലൻമാരുടേതുകൂടിയാണെന്നാണ് പെപ്പെ പറഞ്ഞത്.