ഓണം റിലീസിനെത്തി വലിയ ബോക്സ്ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമാണ് ആർഡിഎക്സ്. ഷൈൻ നിഗം, നീരജ് മാധവ്, ആന്റണി വര്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവായ സോഫിയ പോളിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി വർഗീസ് എഴുതിയ വരികളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജയിലർ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന് നിർമാതാക്കൾ സംവിധായകനായ നെൽസൺ ദിലീപ്കുമാറിനും, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രജനികാന്തിനും പോർഷെ കാർ സമ്മാനമായി നൽകിയിരുന്നു അതുമായി ബന്ധപ്പെടുത്തിയാണ് ആന്റണി വർഗീസിന്റെ പോസ്റ്റ്.

ആന്റണി വർഗീസിന്റെ പോസ്റ്റ് ഇങ്ങനെ…
ജയ്‌ലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു ബിഎംഡബ്ള്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും…. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ…
View this post on Instagram
അതേസമയം, ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. ഇപ്പോഴിതാ റിലീസ് ആയി 9 ദിവസത്തിന് ശേഷം 50 കോടി നേടി മികച്ച കളക്ഷനോടെ മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും 18 കോടി രൂപ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ചിത്രം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സ് ഇടം പിടിച്ചിരിക്കുകയാണ്.

തിയേറ്ററിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭൂതി നൽകിയ ‘നീല നിലാവെ…’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്. ഗാനത്തിനും ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

