തമിഴ് സിനിമ താരങ്ങളായ നടി കീർത്തി പാണ്ഡ്യനും നടൻ അശോക് സെൽവനും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സിനിമ മേഖലയിലെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്ന് സംഘടിപ്പിക്കും.
നടനും നിർമ്മാതാവുമായ അരുണ്‍ പാണ്ഡ്യന്‍റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ ‘തുമ്പ’ എന്ന ചിത്രത്തിലാണ് കീർത്തി പാണ്ഡ്യൻ ആദ്യമായി അഭിനയിക്കുന്നത് മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ‘ഹെലൻ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേയ്ക്ക് ആയ ‘അൻബിർക്കിനിയൽ’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയത് കീർത്തി ആയിരുന്നു. പാ രഞ്ജിത്ത് നിർമ്മിക്കുന്ന ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
അതേസമയം, ശരത് കുമാർ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ സിനിമയാണ് ‘പോർ തൊഴിൽ’. വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രം ജൂൺ ഒമ്പതാം തിയ്യതിയാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. ലോ ബജറ്റ് ചിത്രമായ പോർതൊഴിൽ അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും കരസ്ഥമാക്കിയത്. തീയറ്ററിലെ മികച്ച വിജയത്തെ കണക്കിലെടുത്ത് ചിത്രത്തിൻറെ ഒടിടി റിലീസ് നീട്ടിയിരുന്നു.
പോർ തൊഴിൽ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈർഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റർ റിലീസ് കഴിഞ്ഞ് അറുപത്തിമൂന്ന് ദിവസങ്ങൾ പിന്നിട്ടാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത് .പോർ തൊഴിൽ ഒടിടി അവകാശം സോണിലീവ് ആണ് വാങ്ങിയിരിക്കുന്നത്.ഓഗസ്റ്റ് 11 നാണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിച്ചത്.
നേരത്തെ പോർതൊഴിൽ സിനിമയിൽ എങ്ങനെയാണ് എത്തിച്ചേർന്നത് എന്നതിനെപ്പറ്റി നടി നിഖില വിമൽ വ്യക്തമാക്കിയിരുന്നു.”തമിഴിൽ കുറച്ചുകാലമായി സിനിമ ചെയ്തിട്ടില്ല.ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുമ്പോൾ നല്ലൊരു കഥ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സംവിധായകൻ വിഘ്നേഷ് രാജ കഥ പറഞ്ഞപ്പോൾ തന്നെ സിനിമയോട് വലിയ താൽപ്പര്യം തോന്നിയിരുന്നു.മാത്രമല്ല കഥ പറഞ്ഞ രീതിയും തന്നെ വല്ലാതെ ആകർഷിച്ചിരുന്നു .ത്രില്ലറുകൾ ആളുകളിലേക്ക് വേഗത്തിൽ എത്തും. അത്തരത്തിലൊരു സിനിമയാണ് പോർ തൊഴിൽ.ചിത്രീകരണ സമയത്തുതന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു . സംവിധായകൻ നല്ല കഴിവുള്ള ആളാണെന്ന് ചിത്രീകരണത്തിനിടയിൽ സിനിമയെ സമീപിക്കുന്ന രീതിയിൽനിന്നുതന്നെ മനസ്സിലാകുമായിരുന്നു” എന്നാണ് നിഖില പറഞ്ഞത്.