അധ്യാപക ദിനമായ ഇന്ന് പല താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർത്ത് കൊണ്ട് പോസ്റ്റുമായിഎത്തിയിരുന്നു. അവതാരകയും, സിനിമ താരവുമായ അശ്വതി ശ്രീകാന്ത് ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുകൊണ്ടാണ് തന്റെ ആശംസകൾ അറിയിച്ചത്.
നഴ്സറിയിൽ പഠിപ്പിച്ചതും സ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ തന്നെ പഠിപ്പിച്ചതുമായ രണ്ട് അധ്യാപകരെ ബന്ധപ്പെടുത്തിക്കൊണ്ടാണ് അശ്വതിയുടെ കുറിപ്പ്.
അശ്വതിയുടെ വാക്കുകൾ…
അംഗൻവാടിയിലെ ഏലിക്കുട്ടി ടീച്ചറും അഞ്ചാം ക്ലാസ്സിലെ ഫിലിപ്പ് സാറും. ഈയിടെ നാട്ടിൽ ഒരു പരുപാടിയ്ക്ക് പോയപ്പോൾ കണ്ടതാണ്. സ്റ്റേജിൽ എന്നെ കണ്ടപ്പോൾ ‘എന്റെ കൊച്ചാ’ ന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ഓടി വന്നു ടീച്ചർ. താഴെയിറങ്ങിയപ്പോൾ ആൾക്കാരെ വകഞ്ഞു മാറ്റി അധികാരത്തോടെ വന്ന് ചേർത്ത് പിടിച്ചു. അംഗൻവാടിയിലാക്കി അമ്മ തിരിച്ച് നടന്നപ്പോൾ കുതറിയോടാതെ വട്ടം പിടിച്ചപോലെ. ഊട്ടിയും ഉറക്കിയും പാട്ടു പാടിയും കല്ല് പെൻസിൽ പിടിക്കാൻ പഠിപ്പിച്ചും മെല്ലെ മെല്ലെ കൂട്ട് കൂടിയ ടീച്ചറാണ്. നുറുക്ക് ഗോതമ്പിന്റെ ഉപ്പുമാവു പോലെ എത്ര നനുത്തതാണ് ആ ഓർമ്മ പോലും.
ഫിലിപ്പ് സാർ എനിക്ക് എല്ലാക്കാലത്തേയും പ്രിയപ്പെട്ട അദ്ധ്യാപകരിൽ ഒരാളാണ്. പണ്ട് തൊടുപുഴയിലെ സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ്സുകാർ ആദ്യമായി എറണാകുളം കാണാൻ പോയപ്പോൾ സാറുണ്ടായിരുന്നു കൂടെ. ഞാൻ ആദ്യമായി കടല് കണ്ടപ്പോൾ, കപ്പല് കണ്ടപ്പോൾ, തീവണ്ടി കണ്ടപ്പോൾ ഒക്കെ കൂടെയുണ്ടായിരുന്ന ആൾ. നിർത്തിയിട്ടിരുന്ന തീവണ്ടി ബോഗിയിലേയ്ക്ക് പൊക്കമില്ലാത്ത എന്നെ എടുത്ത് കയറ്റിയത് സാറാണെന്ന ഓർമ്മയ്‌ക്ക് പോലും എത്ര തെളിച്ചമാണ്. പിന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായി എത്രയെത്ര മത്സരങ്ങൾ, യാത്രകൾ, പരീക്ഷണങ്ങൾ…ഹൈസ്കൂൾ കാലം വരെ എല്ലാത്തിനും ഒപ്പം നിന്നത് സാറാണ്. ടോട്ടോച്ചാന്റെ തീവണ്ടി സ്കൂളിലെ കൊബായാഷി മാസ്റ്ററാണ് എനിക്ക് ഫിലിപ്പ് സാറെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
View this post on Instagram
എല്ലാ ബന്ധങ്ങളുടെയും നിറവും നിർവചനവും മാറുന്ന കാലമാണ്. ഗുരു ശിഷ്യ ബന്ധങ്ങൾക്കും ആ മാറ്റം വന്നിട്ടുണ്ട്. എന്തൊക്കെ മാറിയാലും സ്നേഹം നിലനിൽക്കട്ടെ ! പഠിപ്പിച്ചവർക്കും പാഠമായവർക്കും സ്നേഹം. എന്റെ ജീവിതയാത്രയിൽ പങ്കുചേർന്നതിന് നിങ്ങൾക്ക് നന്ദി. അധ്യാപകദിനാശംസകൾ.