സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജീത്തു ജോസഫ് ബോളിവുഡിൽ പുതിയ സിനിമ ചെയ്യുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത്. ജീത്തു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബോളിവുഡ് ചിത്രവുമായി സഹകരിക്കുന്നതിനെക്കുറിച്ച് അറിയിച്ചത്. ബധായ് ഹോ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടൻ ബേസിൽ ജോസഫ് ആണ് നായകനായെത്തുന്നത് എന്ന വാർത്തയാണ്. അതേസമയം ജീത്തു ഏറ്റവും കഴിവ് തെളിയിച്ചിരിക്കുന്ന ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമായിരിക്കും ബോളിവുഡിലേത് എന്നാണ് പുതിയ വിവരങ്ങൾ. ജംഗ്ലീ പിക്ചേഴ്‌സാണ് ഔദ്യോഗികമായി ജീത്തു ജോസഫുമായി സഹകരിച്ചുകൊണ്ട് പുതിയ സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരം എക്‌സിലൂടെ പുറത്ത്‌വിട്ടത്.
ഹിറ്റ് ത്രില്ലർ ചിത്രം ദൃശ്യം സിനിമയുടെ റീമേക്കിലൂടെ മറ്റ് ഭാഷകളിലുള്ള സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു ജോസഫ്. അതുകൊണ്ട് തന്നെ കൂടുതൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സംവിധായകനാണ് അദ്ദേഹം. അതേസമയം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ‘നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.
കോടതി സസ്പെൻസുമായി ബന്ധപ്പെട്ടതായിരിക്കും ചിത്രം എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് കോമ്പൊകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ ജീത്തു ജോസേഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ചെത്തിയ മറ്റു സിനിമകൾ.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ട് പലപ്പോഴും ഒരു സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ സഞ്ചരിക്കുന്നവയാണ്. അതിനാൽ തന്നെയും നേര് എന്ന പേര് എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്. മൂവരും ഒന്നിക്കുന്ന ചിത്രം വരുന്നുണ്ടെന്ന് മുൻപേ പറഞ്ഞിരുന്നെങ്കിലും പലരും കരുതിയതും സോഷ്യൽ മീഡിയ വഴി ചോദിച്ചതും ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണോ എന്നായിരുന്നു. ഇത് ദൃശ്യവുമായി ബന്ധമില്ലാത്ത സിനിമയാണെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്.