ലച്ചു മടങ്ങിയെത്തുന്നു ; ഇരൈവൻ സെപ്തംബർ 28ന് തീയേറ്ററുകളിലെത്തും

0
179

ബിഗ് ബോസ് സീസൺ 5 ൽ പ്രേക്ഷകരുടെ ഇഷ്ട കോണ്ടെസ്റ്റന്റ് ആയി മാറിയ താരമാണ് നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലച്ചു. സിനിമകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ശ്രദ്ധ നേടിയ ശേഷമാണ് ലച്ചു ബിഗ് ബോസിലെത്തുന്നത്. ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു ലച്ചു.

തന്റെ ബോള്‍ഡ് ആറ്റിറ്റിയൂഡും പോസിറ്റീവ് സമീപനവുമാണ് ലച്ചുവിനെ ജനപ്രിയയാക്കിയിരുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയായിരുന്നു ലച്ചുവിന്റെ മലയാള സിനിമയിലേക്കുള്ള കടന്നു വരവ് തുടർന്ന് താരം കളി എന്ന സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ നേടാന്‍ ലച്ചുവിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വേദിയിലെ ലച്ചുവിന്റെ നൃത്തം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സൈക്കോളജിക്കൽ ത്രില്ലറായ ഇരൈവനിലൂടെയാണ് താരം മടങ്ങി വരവിനൊരുങ്ങുന്നതു.

 

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്.ജയം രവിയും നയൻതാരയും നരേനും ഒന്നിക്കുന്ന ചിത്രം സെപ്തംബർ 28നാകും തീയേറ്ററുകളിൽ എത്തുക.

ജയം രവി അവതരിപ്പിക്കുന്ന അർജുൻ എന്ന പോലീസുകാരനും ബ്രഹ്മ എന്ന സീരിയൽ കില്ലർ ആയ രാഹുൽ ബോസും തമ്മിലുള്ള മത്സരങ്ങളുടെയും കേസ് അന്വേഷണത്തിന്റെയും കഥയാകും ചിത്രം പറയുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. പ്രശസ്ത സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ് എന്നീ നാലു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

2015ൽ പുറത്തിറങ്ങിയ തനി ഒരുവന് ശേഷം ജയം രവിയും നയൻതാരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുധൻ സുന്ദരവും ജയറാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ഹരി. കെ. വേദാന്ത്, എഡിറ്റർ : ജെ വി മണികണ്ഠ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുണാചലം, ആക്ഷൻ : ഡോൺ അശോക്, സംഭാഷണങ്ങൾ: സച്ചിൻ, കാർത്തികേയൻ സേതുരാജ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ (നയൻതാര)
പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, ഓഡിയോ ഓൺ: ജംഗ്ലീ മ്യൂസിക് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

 

LEAVE A REPLY

Please enter your comment!
Please enter your name here