സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ഗരുഡൻ’. പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം ബിജു മേനോന്റെ പിറന്നാൾ ദിനമായ ഇന്ന് ഗരുഡന്റെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രമാണ് ഗരുഡൻ. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
View this post on Instagram
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ‘അഞ്ചാം പാതിര’ എന്ന വിജയചിത്രത്തിനുശേഷം മിഥുൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള ബിജു മേനോന്റെ കഥാപാത്രം ഒരു നിയമപരമായ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം വികസിപ്പിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ‘ഗരുഡ’ന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ടീസറിനെ ആഘോഷപൂർവ്വമാണ് സ്വീകരിച്ചിരുന്നത്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് പൂർത്തിയാക്കിയത്.
സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കഥ ഒരുക്കിയത് ജിനേഷ് എം ആണ്. ജനഗണമന,കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്ന ചിത്രമാണിത്. എഡിറ്ററായി ശ്രീജിത്ത് സാരംഗ് എത്തുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.