പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാർ’. ഹിറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘കെജിഎഫ്’ സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് ‘സലാർ’ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ പ്രിത്വിരാജിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ താരത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസ്. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ പുതിയ പോസ്റ്റർ പുറത്തുവിട്ടത്.
View this post on Instagram
വരദരാജ മന്നാർ എന്ന രാജാവ് പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ എന്നാണ് ഒപ്പം കുറിച്ചിരിക്കുന്നത്. മുൻപേതന്നെ ചിത്രത്തിലെ താരത്തിന്റെ വേഷം പുറത്തുവിട്ടിരുന്നു. എന്നാൽ ഈ പുതിയ ചിത്രത്തിൽ നിരവധിയാളുകളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക ചിരിയുമായി നിൽക്കുന്ന വരദരാജ മന്നാരെയാണ് കാണാൻ സാധിക്കുക. പ്രഭാസിന്റെ ചിത്രത്തിൽ വളരെ സുപ്രധാനമായ കഥാപാത്രമായാണ് താരം എത്തുന്നത്. ഇന്ന് നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രിത്വിരാജിന് ഈ പോസ്റ്റർ വളരെ വിലപ്പെട്ട ഒന്നാണ്.
ചിത്രം ഡിസംബർ 22 നാണ് പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഒരു മോഷൻ പോസ്റ്റർ സംവിധായകൻ പ്രശാന്ത് നീൽ മുൻപ് പങ്കുവെച്ചിരുന്നു . മിന്നൽപിണരുകൾ ഉള്ള ഇരുണ്ട ആകാശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പ്രഭാസ് ആണ് മോഷൻ പോസ്റ്ററിൽ ഉള്ളത്. എഡിറ്റഡ് ബെെ അധീര എന്നാണ് മോഷൻ പോസ്റ്ററിന്റെ അവസാനമുള്ളത്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ‘സലാറിനെ’ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കിക്കാണുന്നത് . പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജ് വില്ലനായി എത്തുന്നുവെന്നത് മലയാളികൾക്ക് ആവേശം പകരുന്ന കാര്യമാണ്. പ്രഭാസിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് പ്രിത്വിരാജിനെയും കാണിച്ചിട്ടുള്ളത്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമ പ്രേക്ഷകർക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി.
ചിത്രത്തിന്റ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5:12 നാണ് ടീസർ പുറത്തുവിട്ടത്. 1 .46 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തുവിട്ട് നിമിഷങ്ങൾക്കകം പ്രേക്ഷകർ അതേറ്റെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടന്നായിരുന്നു. രണ്ടു ദിവസത്തിനകം യുട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും താണ്ടിയാണ് സലാറിന്റെ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായി നിൽക്കുന്നത് . ഇന്ത്യയിൽ തന്നെ ഇത്രയധികം വേഗത്തിൽ ഇത്രത്തോളം കാഴ്ചക്കാരെ നേടിയ വിഡിയോ എന്ന റെക്കോഡും സലാറിന്റെ ടീസറിന് സ്വന്തം. അതേസമയം ‘കെജിഎഫ്’ പോലെതന്നെ ഒരു മാസ് ആക്ഷന്‍ പടമാണ് ‘സലാർ’ എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസറിലൂടെ ആരാധകർക്ക് നൽകിയിരിക്കുന്നത്.