തീയേറ്ററുകളിൽ ആരവമുയർത്താൻ വിജയിയുടെ ലിയോ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാവില്ല ഇപ്പോൾ. അതേസമയം ഈ ചിത്രവുമായി കൈകോർത്തിരിക്കുകയാണ് കുടിവെള്ള ബ്രാൻഡ് ആയ ബിസ്ലേറി. ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഇത് സംബന്ധിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ലിയോയുടെ പോസ്റ്റർ പതിപ്പിച്ച ബിസ്ലേറി കുടിവെള്ളത്തിന്റെ ബോട്ടിലിന്റെ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
View this post on Instagram
ബിസ്ലേറി ഇതിനുമുൻപും ഇത്തരം വമ്പൻ സിനിമകളുമായി കൈകോർത്തിട്ടുണ്ട്. അടുത്ത് ഇറങ്ങിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത എന്ന സിനിമയ്‌ക്കൊപ്പവും ഈ കുടിവെള്ള കമ്പനി സഹകരിച്ചിരുന്നു. ഈ അടുത്ത കാലത്തു ഏറ്റവും കൂടുതൽ പ്രൊമോഷനുകൾ നടത്തിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. ദുൽഖർ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നില ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. എങ്കിലും നിരവധി മോശമായ രീതിയിലും ചിത്രം നിരൂപിക്കപ്പെട്ടിരുന്നു.
വിജയ് ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ലിയോയും അതിനേക്കാളേറെ പ്രൊമോഷനുകൾ ഉള്ള ഒരു ചിത്രമാണ്. പ്രഖ്യാപിച്ചതുമുതൽ ആരാധകർ വലിയ ആവേശത്തോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നാളെ ചിത്രം റിലീസ് ചെയ്യുകയാണ്. കേരളത്തിൽ നാലുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക. എന്നാൽ തമിഴ്‌നാട്ടിൽ ആദ്യ ഷോകൾ പുലർച്ചെ നാലുമണിക്കും ഏഴുമണിക്കും വെയ്ക്കാനുള്ള ആവശ്യം സർക്കാരും കോടതിയും നിഷേധിച്ചിരുന്നു.
തമിഴ്‌നാട്ടിൽ പുലർച്ചെ ഷോ ഇല്ലാത്തതിനാൽ ആളുകൾ സിനിമ കാണാനായി അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമെന്നും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ കളക്ഷൻ കുറയുമെന്നും നിർമാതാക്കൾ പറയുന്നുണ്ട്. റിലീസിന്റെ പിറ്റേദിവസം മുതൽ തുടർച്ചയായി ഒരാഴ്ചയെങ്കിലും എഴുമണി മുതലുള്ള ഷോ അനുവദിക്കണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ഇത് വലിയ വാർത്തയായിരുന്നു. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയത്.