പ്രശസ്ത ചലച്ചിത്രതാരം സണ്ണി ലിയോണി പങ്കെടുക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ്, കോഴിക്കോട് വെച്ച് നടന്ന മെഗാ ഫാഷൻ ഷോയെ സംബന്ധിച്ചുണ്ടായിരുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ അവസാന ദിവസമായ ഇന്നലെ സണ്ണി ലിയോണി പങ്കെടുക്കുമെന്നും, മോഡൽസിനൊപ്പം റാംപ് വാക്ക് ചെയ്യുമെന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ പരിപാടി വാക്കേറ്റത്തിലും സംഘർഷത്തിലുമാണ് അവസാനിച്ചത്. അവസാനം പോലീസ് ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സരോവരത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞ താരങ്ങൾ എത്താതെ വന്നതോടെ സംഘാടകരും, പങ്കെടുക്കാൻ വന്നവരും തമ്മിൽ ആരംഭിച്ച തർക്കം പിന്നീട് വലിയ പ്രതിഷേധത്തിൽ അവസാനിക്കുകയായിരുന്നു.

സണ്ണി ലിയോണിക്കൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് ഫാഷൻ ഷോയ്ക്ക് രജിസ്റ്റർ ചെയ്തവരാണ് നിരാശയിലായത്. സംഘാടകർ നിലവാരമില്ലാത്ത കോസ്റ്റ്യൂം നൽകിയെന്നും, പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു അവരുടെ ആരോപണം. ഫാഷൻ റേയ്സ് വിൻ യുവർ പാഷൻ എന്ന പേരിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടിക്കുള്ള എൻട്രി ഫീസായി ആറായിരം രൂപ നൽകിയെങ്കിലും ആവശ്യമുള്ള സൗകര്യം പങ്കെടുക്കാനെത്തിയവർക്ക് നൽകിയില്ലായിരുന്നു. ഏറെ വൈകിയാണ് പലർക്കും കോസ്റ്റ്യൂം ലഭിച്ചത്, കിട്ടിയ വസ്ത്രങ്ങൾക്ക് നിലവാരമില്ലായിരുന്നെന്നും പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. അവിടെയെത്തിയവർക്ക് ഭക്ഷണം പോലും നൽകിയില്ലെന്നാണ് രജിസ്റ്റർ ചെയ്ത് ഷോയിൽ പങ്കെടുക്കാനെത്തിയവർ പറഞ്ഞത്.
ഈ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണം മാസങ്ങൾക്ക് മുൻപ് തന്നെ നടന്നിരുന്നതായി പോലീസ് പറയുന്നുണ്ട്. സണ്ണി ലിയോണി അടക്കം നിരവധി ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകൾ നേരുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫാഷൻ രംഗത്ത് മുൻപരിചയമില്ലാത്ത കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണമുണ്ടായിരുന്നത്. പ്രമുഖ ഡിസൈനർമാരുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് വന്ന പലർക്കുമാണ് പണികിട്ടിയത്.

പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി, പരിപാടി നിർത്തി വെപ്പിച്ചത്. കൂടാതെ ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ മുഴുവൻ പൊലീസ് സ്ഥലത്ത് നിന്നും നീക്കുകയും ചെയ്തു. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. പങ്കെടുക്കാനെത്തിയവർക്ക് എല്ലാരീതിയിലുള്ള സൗകര്യങ്ങളും നൽകിയിരുന്നെന്നും മനപൂർവ്വം ചില ആളുകൾ പ്രശ്നമുണ്ടാക്കിയതാണ് എന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം.

