പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ പ്രസിഡന്റായി നടൻ ആർ മാധവനെ നിയമിച്ച് കേന്ദ്രസർക്കാർ

0
454

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ പ്രസിഡന്റായി നടൻ ആർ മാധവനെ നിയമിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ​ഗവേണിം​ഗ് കൗൺസിൽ ചെയർമാനായും മാധവനെത്തന്നെയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിയമിച്ചിരിക്കുന്നത്.

മുൻ പ്രസിഡന്റായ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3 ന് അവസാനിച്ചിരുന്നു. വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച ഈ തീരുമാനം, മന്ത്രാലയം തങ്ങളെ അറിയിക്കുകയായിരുന്നെന്ന് എഫ്ടിഐഐ രജിസ്ട്രാർ സയ്യിദ് റബീഹാഷ്മി പറഞ്ഞു.

പുതിയ പ്രസിഡ​ന്റായ മാധവനെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സമൂഹ മാധ്യമമായ എക്സിലൂടെ അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിൻറെ അനുഭവസമ്പത്തും, പരിചയവും ഉപയോ​ഗിച്ച് സ്ഥാപനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തി​ന്റെ പോ​സ്റ്റ് ഉൾപ്പെടുത്തിക്കൊണ്ട് അഭിനന്ദനങ്ങൾക്ക് നന്ദിയെന്നും താങ്കളുടെ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നപോലെയെല്ലാം ശ്രമിക്കാമെന്നും മാധവൻ പറഞ്ഞു.

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്. ഈ സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. മാധവൻ ആയിരുന്നു ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത്. കൂടാതെ അദ്ദേഹം തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണ​ന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പശ്ചാത്തലം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

1996 ൽ ‘ഇസ് റാത് കി സുബാഹ് നഹിൻ’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് മാധവൻ സിനിമയിലേക്ക് വരുന്നത്. ശാലിനി നായികയായെത്തിയ മണിരത്നത്തി​ന്റെ ‘അലൈപ്പായുതെ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മാധവൻ സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് 2002 ൽ ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ ‘റൺ’, ‘ആയുധ എഴുത്ത്’ എന്നീ ചിത്രങ്ങളിൽ മാധവൻ അഭിനയിച്ചു. ‘ആയുധ എഴുത്തി’ലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിനുള്ള നിർദ്ദേശം ലഭിച്ചിരുന്നു.

ഭാരതസർക്കാറിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലാണ് കൂടുതൽ അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here