ജനങ്ങൾ വളരെ ആകാംക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞത് താൻ ജയിലർ കാണാൻ പോകുന്നുവെന്നായിരുന്നു. രജനികാന്ത് നായകനായെത്തിയ ചിത്രം തീയേറ്ററിൽ വലിയ വിജയം നേടിയാണ് മുൻപോട്ട് പോകുന്നത്. ഇപ്പോഴിതാ ജയിലർ ചിത്രത്തെക്കുറിച്ച് ചന്ദി ഉമ്മൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ വയലൻസ് കൂടുതലാണെന്നും പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചിത്രത്തിൽ വില്ലനായി അഭിനയിച്ച വിനായകൻ നന്നായി തന്നെ ആ കഥാപാത്രത്തെ മനോഹരമാക്കിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിനായകന്റെ അഭിനയത്തെയാണ് ചാണ്ടി ഉമ്മൻ അഭിനന്ദിച്ചത്. ഇതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ജെയ്ലർ കാണാനെത്തിയിരുന്നു. തിരുവനന്തപുരം ലുലു മാളിലായിരുന്നു മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയത്. തീയേറ്ററിലേക്ക് മുഖ്യമന്ത്രിയും കുടുംബവും കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. രജനീകാന്ത് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്നാണ് പ്രേക്ഷക പ്രതികരണം. വമ്പൻ താരനിരകൾ അണിനിരന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. രാവിലെ 6 മണി മുതൽ ആയിരുന്നു കേരളത്തിൽ ആദ്യ ഷോ ആരംഭിച്ചത്. തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യം റിലീസ് ചെയ്തത്. മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ.
സംവിധായകൻ നെൽസണിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എത്തിയിരുന്നു. ‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ എന്നാണ് സിനിമ കണ്ടതിനു ശേഷം പ്രേക്ഷക പ്രതികരണം. “ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്” എന്നായിരുന്നു നെൽസൺ തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തിരുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ പങ്കുവെച്ചിരുന്നു.