നടൻ ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളകോക്കാൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചത്.
View this post on Instagram
ചെമ്പൻ വിനോദിന്റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ ഇതിനോടകം ആറ് സിനിമകൾ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ കൗതുകമുണർത്തുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ‘അഞ്ചക്കള്ളകോക്കാ’ന്റെതായി ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
ചിത്രത്തിന്റെ പേരുപോലെ തന്നെ വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർക്കിടയിൽ തരംഗമാവുകയാണ്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ഉല്ലാസ് ചെമ്പൻ ചിത്രം അവതരിപ്പിക്കുന്നത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എ ആൻഡ് എച് എസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായെത്തുക.
സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആർമോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്താണ് ചെയ്തത്. ചിത്രീകരണം പൂർത്തിയായ ചിത്രം പ്രദർശനത്തിന് തയാറെടുക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്റെ സിനിമാഭിനയത്തിലേക്കുള്ള തുടക്കം. പിന്നീട് ആമേൻ, ഈമയൗ , ജല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരുന്ന ദുൽഖർ ചിത്ര൦ ‘കിംഗ് ഓഫ് കൊത്ത’ ആണ് ചെമ്പൻ വിനോദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. അതേസമയം, സിനിമാ മേഖലയിലെ ലഹരി വിവാദത്തെ കുറിച്ച് താരം കുറച്ചുകാലം മുൻപ് തുറന്നുപറഞ്ഞിരുന്നു. താന്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രങ്ങളിലൊന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ചെമ്പന്‍ വിനോദ് പറഞ്ഞത്.