മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പിറന്നാളാശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ’ എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്. മമ്മൂട്ടിക്കൊപ്പം ഒരു വേദിയിൽ ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പിറന്നാളാശംസകൾ.
രണ്ട് തലമുറകളുടെ പുരുഷ സങ്കൽപമെന്നാണ് മലയാളികൾ മമ്മൂക്കയെ വിളിക്കുന്നത്. പ്രേക്ഷകരുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 72-ാം പിറന്നാളാണ്. ഒരു സിനിമയ്ക്ക് വേണ്ടി സ്വയം മാറുന്ന നടനാണദ്ദേഹം. ഒരു നടനാകുക എന്നത് അദ്ദേഹത്തിന്റെ ബാല്യകാല സ്വപ്നമായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ രൂപവും, കഥ നടക്കുന്ന പ്രദേശത്തെ പ്രാദേശിക ഭാഷയും നോക്കി സ്വയം തയ്യാറെടുക്കുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി.
52 വർഷം നീണ്ട അഭിനയജീവിതത്തിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി എന്ന താരരാജാവ് ജന്മം നൽകിയത്. അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി വരാനിരിക്കുന്ന ബസൂക്കയും, ബിലാലിലും എത്തി നിൽക്കുന്നു പകരം വയ്ക്കാനില്ലാത്ത ഈ അതുല്യപ്രതിഭയുടെ അഭിനയജീവിതം. കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച മുഹമ്മദ്കുട്ടി ഇസ്മയിൽ പാണപറമ്പിൽ എന്ന മമ്മൂട്ടി 21-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് കഠിനപ്രയത്‌നം കൊണ്ട് മാത്രമാണ്. , തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ഡിഗ്രിയും എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷമാണ് അഭിനയജീവിതത്തിലേക്കുളള തുടക്കം. അതിന് മുൻപ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷേ സിനിമയിൽ ഒന്ന് പച്ച പിടിക്കാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പുകളും പരിശ്രമങ്ങളുമാണ് ഇന്ന് ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം എന്ന പദവിയിൽ എത്തി നിൽക്കുന്നത്.
1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട്, എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാമേഖലയിൽ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടി. തൽഫലമായി 3 തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടി അർഹനായി. കൂടാതെ അദ്ദേഹത്തിന് രണ്ട് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേയൊരു നടൻ എന്ന ഖ്യാതി മമ്മൂട്ടിയ്ക്ക് സ്വന്തമാണ്.