വിജയ്‌യുടെ 50-ാം പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനം : കുട്ടിക്ക് പൊള്ളലേറ്റ് ഗുരുതര പരുക്ക്

0
150

ടൻ വിജയ്‌യുടെ 50-ാം പിറന്നാൾ ആണിന്ന്. താരത്തി​ന്റെ പിറന്നാളാഘോഷിക്കുന്നതിനിടെ ഒരു കുട്ടിക്ക് പൊള്ളലേറ്റ് ഗുരുതര പരുക്ക് സംഭവിച്ചിരിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ടൈൽസ് പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബർബൻ എക്സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. അതിലാണ് സംഭവമുണ്ടായത്.

സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ശരീരത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. കുട്ടിയ്ക്ക് പുറമേ സംഘാടകരിലൊരാൾക്കും പരിക്കേറ്റതായാണ് വിവരങ്ങൾ. കള്ളാക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണെമന്ന് അഭ്യർത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാർട്ടി അണികളോട് നേരത്തെതന്നെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്തും താരം എത്തിയത് വലിയ വാർത്തയായിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസ ഹസ്തവുമായി എത്തിയ വിജയ്, കുടുംബത്തിനു വേണ്ട സഹായം എത്തിക്കാൻ വെട്രി കഴകം ഭാരവാഹികൾക്ക് നിർദ്ദേശവും നൽകി. 54 പേർ മരിച്ച വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിന്റെ സമീപനത്തെ അതിശക്തമായാണ് താരം അപലപിച്ചത്. കൂടാതെ, ത​ന്റെ അൻപതാം പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർട്ടി രൂപീകരണത്തിനുശേഷം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യത്തെ രാഷ്ട്രീയ പ്രതികരണം കൂടിയായിരുന്നു അത്.

താരത്തെ സംബന്ധിച്ച് വലിയ നിർണായക നീക്കങ്ങൾ നടക്കാനിരിക്കുന്ന രണ്ട് വർഷങ്ങളാണ് ഇനി മുന്നിലുള്ളത് . ഒട്ടും സമയം പാഴാക്കാതെ തന്നെ താഴേത്തട്ടിൽ നിന്നും വിജയ് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തമിഴക വെട്രി കഴകം പാർട്ടിക്ക് രൂപം നൽകുന്നതിന് മുൻപേ തന്നെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം വഴി നിരവധി പ്രവർത്തനങ്ങളാണ് താരം നടത്തിക്കൊണ്ടിരുന്നത്. സാധാരണക്കാർക്ക് സൗജന്യ ചികിത്സാ സഹായം എത്തിക്കുന്നതിന് ഡോക്ടർമാരുടെ സംഘത്തെയും സൗജന്യ നിയമസഹായം നൽകുന്നതിന് അഭിഭാഷക കൂട്ടായ്മയെയും താരം ഉണ്ടാക്കിയിരുന്നു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഈവനിങ് ക്ലാസ് പദ്ധതിയും താരത്തി​ന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. കഴി‍ഞ്ഞ വർഷം ചെന്നൈയിലും തെക്കൻ തമിഴ്നാട്ടിലും സംഭവിച്ച മിന്നൽ പ്രളയത്തിലും സഹായവുമായി വിജയ് മക്കൾ ഇയക്കം പ്രവർത്തകർ രംഗത്തെത്തിയതും താരത്തിന്റെ രാഷ്ട്രീയ നീക്കത്തിന് ഏറെ ശക്തി പകർന്ന സംഭവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here