കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. മമ്മൂട്ടി , റോണി ഡേവിസ്, ശബരീഷ്, അസീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ പോലീസുകാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്. പോലീസുകാരുടെ ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്നും, അതുപോലെതന്നെ ബുദ്ധിമുട്ടാണ് അത് അഭിനയിച്ചു ഫലിപ്പിക്കാനെന്നും നടൻ ശബരീഷ് പറഞ്ഞു, കണ്ണൂർ സ്‌ക്വാഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ശബരീഷിന്റെ വാക്കുകൾ…
”വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് പോലീസുകാരുടെ ജീവിതം. കേസ് അന്വേഷിച്ചു നടക്കുന്നതിനിടയിൽ നന്നായി ഒന്ന് ഭക്ഷണം കഴിക്കാനുള്ള സമയമോ സ്വകാര്യങ്ങളോ ലഭിക്കില്ല. നമുക്ക് ഷൂട്ടിനിടയിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ക്ഷീണിക്കുമ്പോൾ റെസ്റ്റെടുക്കാൻ സമയവും ഹോട്ടലിൽ പോയി കിടക്കാനും ഒക്കെ പറ്റുന്നുണ്ട്, എന്നാൽ അവർക്കതുപോലെ അല്ലല്ലോ.
അവർക്ക് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടെങ്കിൽപോലും അതിനു പറ്റില്ല. കാരണം ഒരു കേസന്വേഷണത്തിന് പോകുമ്പോൾ ഒരു സാധാരണക്കാരനായി തന്നെ പോയിവേണം കണ്ടുപിടിച്ചു വരാൻ. അപ്പോൾ അതിന്റെ ബുദ്ധിമുട്ട് വലുത് തന്നെയാണ്. അവർക്കൊക്കെ ബിഗ് സല്യൂട്ട് തന്നെ നമ്മൾ കൊടുക്കണം. ഇപ്പോൾ ഷാഡോ പോലീസ് മാത്രമല്ല ഇത്തരത്തിൽ മിലിറ്ററിയിൽ ആയാലും, അന്വേഷണ സ്ക്വാഡുകൾക്കെല്ലാം നമ്മൾ വലിയ സല്യൂട്ട് കൊടുക്കണം, അവർക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന സിനിമ കൂടിയാണിത്.
നമ്മൾ അഭിനയിക്കുമ്പോൾ തന്നെ ബുദ്ധിമുട്ടുകൾ നേരിടുന്നു, എങ്കിൽപ്പോലും ബ്രേക്ക് ഉള്ളപ്പോ പോയി ഭക്ഷണം കഴിച്ചും റസ്റ്റ് എടുക്കുന്നുമൊക്കെ ഉണ്ട്, പക്ഷെ അവർ അങ്ങനെയല്ലല്ലോ. അവരുടെ മനസ്സിൽ ആ അന്വേഷണം മാത്രമായിരിക്കും. ഷൂട്ടിന് അന്യസംസ്ഥാനത്തുപോയിട്ട് ഒന്ന് എന്ജോയ് ചെയ്യാൻപോലും പറ്റാതെ ഞങ്ങൾ പോലും മടുത്തുപോയിട്ടുണ്ട്. അവിടെ രാത്രി മുഴുവൻ ഒരു ഗ്രാമത്തിൽ ഷൂട്ട് ഉണ്ടായിരുന്നു, ട്രെയിലറിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും. മൊത്തം ഷൂട്ട് രാത്രിയിലായിരുന്നു. അവിടുത്തെ കാലാവസ്ഥ എന്ന് പറയുന്നത് 12ഉം 13ഉം ഒക്കെയാണ്, ബാക്കിയുള്ളവർ സ്വെറ്റർ ഒക്കെ ഇട്ടു നിൽക്കുമ്പോൾ നമ്മൾക്ക് അത് പറ്റില്ല . പിറ്റേന്ന് അടുത്ത രംഗങ്ങളിലേക്കു കടക്കുമ്പോൾ പകൽ 33ഉം 34ഉം ഒക്കെയാണ് പകൽ കാലാവസ്ഥ.
അന്ന് സിങ്ക് സൗണ്ട് ആയിരുന്നു. സോണി ചേട്ടന്റെ ശബ്ദമൊക്കെ മാറിപോയിരുന്നു. എം എസ് തൃപ്പൂണിത്തുറയുടെ ശബ്ദം പോലെ ആയിപോയി. അങ്ങനെ വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നു. എല്ലാവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ശരിക്കും ഈ ജോലികൾ എടുക്കുന്ന അവരുടെ അവസ്ഥ വളരെ മോശമായിരിക്കും. അവർക്കു ഈ അവസ്ഥ തരണം ചെയ്ത് കാര്യങ്ങൾ കണ്ടുപിടിച്ചു വേണം വരൻ. നമുക്ക് നടന്മാർക്ക് റസ്റ്റ് എടുക്കാം അവർക്കതു പറ്റില്ല.
ഈ കണ്ണൂർ സ്‌ക്വാഡിൽ ഉണ്ടായിരുന്ന ഒരാളും തങ്ങളോടൊപ്പം സിനിമയിലുണ്ടായിരുന്നെന്നും അദ്ദേഹത്തിനൊപ്പം ഒരു ചിത്രം എടുത്തെന്നും അസീസ് പറഞ്ഞു. സിനിമയിറങ്ങി കഴിയുമ്പോൾ ആ ചിത്രം താൻ പോസ്റ്റ് ചെയ്യുമെന്നും അസീസ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.