ഹണി റോസ് നായികയായി മലയാളമടക്കമുള്ള ഭാഷകളിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് റേച്ചൽ.
സിനിമയിൽ ഹണി റോസിന്റെ കുട്ടികാലം അവതരിപ്പിക്കുന്നതിനായി കുട്ടി താരങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാൾ പോസ്റ്റിനടിയിലാണ് വലിയ രൂപത്തിലുള്ള സൈബർ അക്രമണമുണ്ടായിരിക്കുന്നതു.
താരം തന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ കൂടിയാണ് പോസ്റ്റർ പങ്കു വെച്ചിരുന്നത്. 3 – 5 വയസ്സുകൾക്കിടയിലും 10 – 12 വയസ്സുകൾക്കിടയിലും പ്രായമുള്ള ചൈൽഡ് ആർട്ടിസ്റ്റുകളെ ഹണി റോസിന്റെ കുട്ടികാലം അവതരിപ്പിക്കാനായി തേടുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം പോസ്റ്റർ പങ്കു വെച്ചിരുന്നത്.
View this post on Instagram
എന്നാൽ ഈ പോസ്റ്റുകൾക്കടിയിൽ കാസ്റ്റിംഗ് സംബന്ധിച്ചുള്ള കമന്റുകളെക്കാൾ കൂടുതൽ താരത്തിനെ ബോഡി ഷേയ്‌മിങ് നടത്തിയും അശ്‌ളീല പരാമര്ശങ്ങളോട് കൂടിയതുമായ നിരവധി കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. മുൻപും ഇത്തരത്തിൽ താരത്തിന് അശ്‌ളീലപരമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തെ അധിക്ഷേപിച്ചു കമന്റു ചെയ്തവരെ ചോദ്യം ചെയ്ത് കൊണ്ടും ‘പ്രബുദ്ധ മലയാളിയുടെ’ പകൽ മാന്യതയെ വിമർശിച്ചു കൊണ്ടും നിരവധി പേർ പോസ്റ്റുകൾക്കടിയിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ഇപ്പോൾ കുട്ടിത്താരത്തെ ക്ഷണിച്ചിട്ടുള്ള സിനിമയായ റേച്ചൽ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്കൈയ്യിൽ ഒരു വെട്ടുകത്തിയുമായി രക്ത കലുഷിതമായ പശ്ചാത്തലത്തിൽ ഇറച്ചി വെട്ടിക്കൊണ്ടിരിക്കുന്ന റേച്ചലായി ഹണി റോസിനെ അവതരിപ്പിച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പിന്നണിയിലുള്ളവർ ഇതിനു മുൻപ് പുറത്ത് വിട്ടിരുന്നു .
ഹണി റോസാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വളരെ വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇത്തവണ ഒരു നിർമ്മാതാവായാണ് ‘റേച്ചൽ’ എന്ന സിനിമ അവതരിപ്പിക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അതുപോലെ തന്നെ സിനിമ തിരക്കഥ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ഒന്നിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സംസ്ഥാന , ദേശീയ പുരസ്‌കാര ജേതാക്കളായ നിരവധി പേർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട് . അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എം ആർ രാജകൃഷ്ണൻ ശബ്ദ സംയോജനവും സംസ്ഥാന അവാർഡ് ജേതാവായ ശങ്കർ ശബ്ദ സംവിധാനവും ചെയ്യുന്നുണ്ട് .