മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് . ഒട്ടനവധി സിനിമകളിൽ നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ ധർമ്മജൻ യഥാർത്ഥ ജീവിതത്തിലും നിരവധി തമാശകൾ പറയുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച രസകരമായ കുറിപ്പ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പമാണ് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നു തുടങ്ങുന്ന ചെറിയൊരു കുറിപ്പ് ധർമ്മജൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യവരി വായിച്ച ആരാധകർ ആദ്യം കുറച്ചൊന്ന് അമ്പരന്നെങ്കിലും സർപ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടർച്ചയിൽ താരം തന്നെ പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. ‘‘വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’’ എന്നും ധർമജൻ കുറിച്ചു. ഭാര്യയ്ക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് ധർമജന്റെ പോസ്റ്റ്.
ധർമജന്റെ വിവാഹപോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘‘കൊള്ളാം മോനെ… നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’’ എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടിരിക്കുന്നത്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ എന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. എന്തായാലും വർഷം തോറും പൂർവാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാർഷികം എന്നാണ് ആരാധകർ പലരും കമന്റ് ഇട്ടിരിക്കുന്നത്. ധർമജന്റെ രസകരമായ പോസ്റ്റിന് രമേശ് പിഷാരടിയുടെ മറുപടി എന്താകും എന്നു ചോദിക്കുന്നവരും ഉണ്ട് കമന്റ് ബോക്സിൽ. അനൂജ എന്നാണ് ധർമജൻ ബോൾഗാട്ടിയുടെ ഭാര്യയുടെ പേര്. ഇരുവർക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെൺമക്കളുണ്ട്.
ഒരു പ്രമുഖ ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ഹിറ്റായ ഹാസ്യപരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ എത്തിയതോടെയാണ് ധർമ്മജൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് രമേശ് പിഷാരടി, മുകേഷ് എന്നിവർ പ്രധാന അവതാരകരായ ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടിയിലും സ്ഥിരം സാന്നിധ്യമായി പ്രേക്ഷകപ്രീതി നേടി. കോമഡി കഥാപാത്രങ്ങൾ ധർമ്മജന്റെ കെെയ്യിൽ എന്നും ഭദ്രമായിരുന്നു. നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ അത് തെളിയിച്ചതുമാണ്. 2010-ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ധർമ്മജൻ നിർമ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘നിത്യഹരിതനായകൻ’ എന്ന ചിത്രത്തിൽ ധർമ്മജൻ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.