കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മീഡിയയിൽ വിവാദ സിനിമ നിരൂപകൻ അശ്വന്ത് കൊക്കുമായി നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ അഭിമുഖം. വിവാദങ്ങൾക്കു കാരണമായിരുന്നു അതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ വിശദീകരണം നൽകിയിരിക്കുകയാണിപ്പോൾ.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻ കൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നില്ല ആ അഭിമുഖമെന്നും വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമായിട്ടു പോലും സംവാദങ്ങൾ സാധ്യമാകണമെന്ന തന്റെ നിലപാട് മൂലമാണ് അങ്ങനെയൊരു അഭിമുഖം സംഭവിച്ചതെന്നും വിശദീകരിച്ച നടൻ. തുടർന്ന് അശ്വന്ത് കോക്കിന്റെ നിരൂപണങ്ങളിലെ ഭാഷ പ്രയോഗങ്ങൾ വിമര്ശിക്കപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.
നടന്റെ വാക്കുകൾ…
“അശ്വന്ത് കോക്കുമായുള്ള ഇന്റർവ്യൂവിനെ കുറിച്ച് തൊട്ട് മുൻപുള്ള ദിവസം മാത്രമാണറിഞ്ഞത്. മുൻകൂട്ടി തീരുമാനിക്കപെട്ടതല്ല അത്. അതിനു പുറകിൽ പ്രത്യേകം ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമ റിവ്യൂ ചെയ്യുന്ന അശ്വന്തുമായി ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു. ഞാൻ അതിനു സമ്മതിക്കുകയും ചെയ്തു. അശ്വന്ത് കൊക്കിന്റെ റിവ്യൂ കണ്ടു സിനിമ കാണാൻ വരുന്ന ഒരുപാടു പേരുണ്ട്. അയാളുടെ സിനിമ വിമർശനം ആരോഗ്യകരമായ ഒരു പ്രവർത്തിയാണെന്ന് എനിക്കഭിപ്രായമില്ല. സംസാരത്തിലെ വ്യക്തിഹത്യയടക്കമുള്ള കാര്യങ്ങളോടും അഭിപ്രായ വ്യത്യാസമുണ്ട്.
ഒരു പരിധിക്കപ്പുറം ആളുകളെ കളിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ എന്റെ എതിർപ്പുകൾ ആ അഭിമുഖത്തിൽ പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അയാൾ ചെയ്യുന്നത് തെറ്റാണെന്നു ഞാൻ തറപ്പിച്ചു പറഞ്ഞിട്ടില്ല. അതിനു കാരണം അയാളുടെ ശരികൾ ചിലപ്പോൾ നമുക്ക് തെറ്റായിരിക്കാം എന്നാൽ അത് അയാളുടെ ശരികളാണ്. പക്ഷെ അത് നമ്മളെ ബാധിക്കുകയാണെങ്കിൽ, അങ്ങെനെയുള്ള അവസരത്തിൽ ഇവിടെ നില നിൽക്കുന്ന നീതി ന്യായ വ്യവസ്ഥയിലൂടെ നിയമപരമായി നമുക്ക് മുന്നോട്ടു നീങ്ങാം. സിനിമയെ അയാൾക്ക് അയാളുടെ യൂട്യൂബ് ചാനലിലൂടെ വിമർശിക്കാനുള്ള അവകാശമുണ്ട്. അതയാളുടെ വ്യക്തി സ്വതന്ത്രമാണ്.
പിന്നെ ഒരു പരിധി വരെ ആളുകൾ അയാളെ പ്രാധാന്യത്തോടെ കാണുകയും ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനു കാരണം നെഗറ്റീവ് പറയുന്ന ആളുകളെ പിന്തുടരാൻ ആളുകൾ കൂടുതലാണ് എന്നതാണ്. അശ്വന്ത് കോക്ക് നല്ല കാര്യങ്ങളും പറയുന്നുണ്ട്. അയാൾ പൂർണമായും തെറ്റാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല. നല്ല സിനിമകൾ വരുമ്പോൾ നല്ലതെന്നു പറയുകയും മോശം സിനിമകൾ വരുമ്പോൾ മോശമെന്നും പറയുന്നുണ്ടെങ്കിലും അയാളുപയോഗിക്കുന്ന വാക്കുകൾ പ്രശ്‌നമാണ്.”