രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ സിനിമയാണ് ടോബി. മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ് ഇപ്പോൾ . മലയാളിയായ ബാസിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോൾ അതൊരു കന്നഡ സിനിമയിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ച് പറയുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ അതേകുറിച്ചു സംസാരിച്ചത്.
ബാസിലിന്റെ വാക്കുകൾ…
”മലയാളത്തിൽ എന്തുകൊണ്ടൊരു തുടക്കം കിട്ടിയില്ല എന്ന് ഞാൻ ആലോചിച്ചിട്ടില്ല, കാരണം എങ്ങനെ സിനിമ ചെയ്യാം എന്ന് മാത്രമായിരുന്നു ഞാൻ തിരഞ്ഞുപോയത്. ഒരു കാലത്ത് സിനിമ എന്നത് വലിയ ആഗ്രഹമായിരുന്നു. കോഴിക്കോട് നിന്നു സിനിമയെകുറിച്ചൊക്കെ ആലോചിക്കുമ്പോൽ അതെല്ലാം വളരെ ദൂരെ ആണുണ്ടായിരുന്നത്. അന്നൊന്നും കൊച്ചിയിൽ വന്നിട്ടുപോലുമില്ല. ആരോടും ചോദിച്ചിട്ടും കാര്യമില്ല. കാരണം സിനിമ എന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഒരു സംഭവം പോലെ ആയിരുന്നു. പിന്നെ പഠിക്കാനായി മംഗലാപുരത്ത് പോയി. അവിടുന്നാണ് ഈ ആഗ്രഹം വീണ്ടും വന്നത്. കാരണം ഉള്ളിലൊരാഗ്രഹം ഉണ്ടെങ്കിൽ അത് വെറുതെ നിൽക്കില്ലല്ലോ. അപ്പോൾ പഠനം ഒക്കെ കഴിഞ്ഞ് ചെന്നൈയിൽ ഒക്കെ പോയി നോക്കി. അവിടെ കുറച്ചു കാലം റൂമൊക്കെ എടുത്ത് തിരിഞ്ഞു കളിച്ചു.

അവിടെ നിന്ന് ഒരു സുഹൃത്തിന്റെ സുഹൃത്തിനെ പരിചയപ്പെട്ടു. അവരും എന്നെപോലെ സിനിമയെടുക്കാൻ ആഗ്രഹമുള്ളവരായിരുന്നു, പക്ഷെ അവർക്കും ഒന്നും അറിയില്ല, ഞങ്ങളെല്ലാവരും ഒരു ധൈര്യത്തിൽ അങ്ങ് സിനിമ തുടങ്ങി , ആ ധൈര്യം എവിടുന്നു വന്നു എന്നറിയില്ല. അവിടുന്ന് ഇവിടെ വരെ എത്തി.

ഇപ്പോൾ കേരളത്തിൽ ദുൽഖറിന്റെ നിർമാണ കമ്പനിയായ വെഫെറർ ഫിലിംസ് ആണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തത്. അത് വളരെ ഒരു ഭാഗ്യമായാണ് കണക്കാക്കുന്നത്. ഞങ്ങളുടെ യാത്രയിൽ മുഴുവൻ അവർ ഞങ്ങളെ സപ്പോർട്ട് ചെയ്തിട്ടുണ്ട് . ഞങ്ങൾ മംഗലാപുരത്തുള്ള ചെറിയ ഒരു കൂട്ടം ആളുകൾ ആണ്. ഞങ്ങൾക്കിവിടെ ഒട്ടും റിസോർസും പ്ലാറ്റ്ഫോമുകളും ഇല്ലായിരുന്നു, പക്ഷെ അതെല്ലാം അവർ ഒരുക്കിത്തന്നു. അതുകൊണ്ടുതന്നെ മംഗലാപുരത്തുള്ളതിനേക്കാൾ ഇവിടെ എല്ലാം എളുപ്പത്തിൽ നടന്നു.”

