നടൻ ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ അപ്ഡേറ്റുകൾ നിർമ്മാതാക്കൾ പുറത്തുവിടുന്നുണ്ട്. ഇപ്പോൾ ചിത്രത്തിലേക്ക് നടൻ സിദ്ധാർത്ഥ് കൂടി ജോയിൻ ചെയ്തതായി നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവീസ് അറിയിക്കുന്നുണ്ട്. ഒപ്പം ഒരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റേതായി ഏറ്റവും അവസാനം തീയേറ്ററുകളിൽ എത്തിയ ചിത്രം ഭ്രമയുഗം ആയിരുന്നു. മമ്മൂട്ടിക്കൊപ്പം വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്.
View this post on Instagram
അതേസമയം, കഴിഞ്ഞ ദിവസം ചിത്രത്തിലേക്ക് രണ്ട് പ്രശസ്ത തമിഴ് താരങ്ങളും ജോയിൻ ചെയ്തിരുന്നു. തെന്നിന്ത്യയി ഇതിനോടകം നിരവധി സിനിമകൾ ചെയ്ത നടി ശരണ്യ പൊൻവണ്ണൻ ആണ് ഒരു താരം. രണ്ടാമത്തേത് സാൻഡി മാസ്റ്ററാണ്. അടുത്തകാലത്ത് ഇറങ്ങിയ വിജയ് ചിത്രം ലിയോയിലെ സാൻഡി മാസ്റ്ററുടെ വില്ലൻ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ താരത്തിന്റെ രണ്ടാമത്തെ മലയാളം സിനിമയാണിത്. ആദ്യത്തേത് ജയസൂര്യയ്ക്കൊപ്പം ഉള്ള കത്തനാർ ആണ്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയാണ് ‘ഭ.ഭ.ബ’. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം പുറത്തിറക്കുകയും പ്രേക്ഷകശ്രദ്ധ നേടിയതുമാണ്. ദിലീപിന്റെ ജന്മദിനത്തിലായിരുന്നു പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭ ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്’ നിർമ്മിച്ചത് ദിലീപായിരുന്നു. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ആയി എത്തുന്നത് വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത് കൃഷ്ണമൂർത്തിയും. സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നടൻ ഫാഹിം സഫറും നടി നൂറിൻ ഷെറീഫും ഒരുമിച്ച് ചേർന്നാണ് . മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് മുൻപ് പ്രവർത്തിച്ച വ്യക്തി കൂടിയാണ് ധനഞ്ജയ് ശങ്കർ. അതേസമയം ‘ലിയോ’, ‘ജയിലർ’, ‘ജവാൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ച ശ്രീ ഗോകുലം മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്.