തെന്നിന്ത്യയിലും പുറത്തുമായി ഒട്ടനവധി ആരാധകരുള്ള താരമാണ് വിജയ്. തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് പൂർണ്ണമായി രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും ഇറങ്ങാനിരിക്കുകയാണ്. താരത്തിന്റെ അവസാനചിത്രങ്ങളിലൊന്നായ ഗോട്ട് ആണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. അതേസമയം ചിത്രത്തിൽ വിജയ്ക്ക് പകരം മറ്റൊരു നടനെയും മകന്റെ സ്ഥാനത്തും മറ്റൊരു നടനെയുമാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പറയുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു.
വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകനുമായി എത്തുന്നത് വിജയ് തന്നെയാണ്. ഡീ ഏജിംഗ് സാങ്കേതികവിദ്യയിലൂടെയാണ് വെങ്കട് പ്രഭു വിജയിയെ തന്നെ മകനായും മാറ്റിയെടുത്തിരിക്കുന്നത്. പക്ഷെ ആദ്യ ആലോചനയില്‍ ഈ രണ്ട് കഥാപാത്രങ്ങളായി മറ്റ് രണ്ട് താരങ്ങളാണ് തന്‍റെ മനസില്‍ ഉണ്ടായിരുന്നതെന്ന് വെങ്കട് പ്രഭു പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്.
സിനിമയ്ക്ക് കഥ എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്നോളജിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് വെങ്കട് പ്രഭു വ്യക്തമാക്കി. അതുകൊണ്ടുതന്നെ മറ്റ് രണ്ട് താരങ്ങളാണ് തന്‍റെ മനസില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഥ “എഴുതുന്ന സമയത്ത് അച്ഛന്റെ കഥാപാത്രമായി രജനി സാറും മകന്റെ കഥാപാത്രമായി ധനുഷുമാണ് എന്‍റെ മനസിലുണ്ടായിരുന്നത്. പിന്നീട് ഡീ ഏജിംഗ് ടെക്നോളജിയെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെപ്പോലെ ഉള്ളൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചത്”.
മുഴുവന്‍ തിരക്കഥയും പറയുന്നതിന് മുന്‍പ്, ചിത്രത്തിന്റെ ബേസിക് ഐഡിയ പറഞ്ഞപ്പോൾതന്നെ ഈ ചിത്രം ചെയ്യാന്‍ വിജയ് സമ്മതിച്ചു എന്നും വെങ്കട് പ്രഭു പറയുന്നു. സിനിമയിലുള്ളഅദ്ദേഹത്തിന്‍റെ വിശ്വാസം തന്‍റെ ഉത്തരവാദിത്തം ഏറെ വര്‍ധിപ്പിച്ചുവെന്നും. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രേക്ഷകർ അത്രയധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം നാളെയാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. വിജയ്ക്കൊപ്പം, പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നുണ്ട്.