ദുൽഖറി​ന്റെ പാൻ ഇന്ത്യൻ ചിത്രം; ‘ലക്കി ഭാസ്കറി’ന്റെ ചിത്രീകരണം ആരംഭിച്ചു

0
196

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലക്കി ഭാസ്കർ’ . ‘വാത്തി’ എന്ന വിജയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച വെങ്കി ആറ്റിലൂരിയാണ് ലക്കി ഭാസ്കറിന്റെ സംവിധാനം നിർവഹിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലക്കി ഭാസ്കറിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Venkyatluri (@venky_atluri)

മൃണാൾ താക്കൂറും ദുൽഖർ സൽമാനും നായികാ നായകന്മാരായി അഭിനയിച്ച് വമ്പൻ വിജയം നേടിയ സിനിമയായിരുന്നു ‘സീതാരാമം’ . ഈ ചിത്രത്തിന് ശേഷം ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് ലക്കി ഭാസ്കർ എന്നത് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു ഘടകമാണ്.

സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ഒന്നുചേർന്നുകൊണ്ട് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. പ്രേക്ഷകർക്കായി ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസാണ് .

 

ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ ചിത്രത്തിൻറെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുക. സാധാരണക്കാരനായ ഒരു മനുഷ്യൻ അസാധ്യമെന്ന് കരുതുന്ന നേട്ടങ്ങൾ നേടിയെടുക്കുന്ന കഥയാണ് ചിത്രത്തിൻറെ പശ്ചാത്തലം എന്നാണ് സൂചന. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ് . ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

ദുൽഖർ കേന്ദ്ര കഥാപാത്രമായി ഏറ്റവും അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്ത ആയിരുന്നു. വമ്പൻ സ്വീകാര്യതയാണ് കൊത്തയ്ക്ക് ആരാധകരിൽ നിന്നും ലഭിച്ചത്. ദുൽഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത പ്രദർശനത്തിനെത്തിയത്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയുടെ സംവിധാനം നിർവഹിച്ചത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥയൊരുക്കിയത്. നിമീഷ് രവിയാണ് ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിർവഹിച്ചത് . ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതമൊരുക്കിയത്.

ദുൽഖർ നായകനാകുന്ന മറ്റൊരു പാൻ ഇന്ത്യൻ ചിത്രമാണ് ‘കാന്ത’. ദുൽഖറിന്റെ വേഫേറെർ ഫിലിംസും ഒപ്പം തെലുങ്ക് നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പ്രമേയത്തെയെക്കുറിച്ചും മറ്റു കഥാപാത്രങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പ്രേക്ഷകർ ഇതുവരെ കാണാത്ത തരം കഥാപാത്രമായിട്ടായിരിക്കും ദുൽഖർ സിനിമയിലെത്തുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here