നെഞ്ചിനകത്ത് ലാലേട്ടൻ…ചങ്കിനകത്ത് ലാലേട്ടൻ… ലാലേട്ടൻ…ലാലേട്ടൻ…

0
193

വില്ലനായി മലയാള സിനിമയിലേക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വന്ന് ഇന്ന് മലയാളം ഭരിക്കുന്ന താരരാജാവാണ് മോഹൻലാൽ. താരത്തി​ന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ഒരു നടൻ എന്നതിലപ്പുറം മോഹൻലാലിനെ സ്നേഹിക്കുന്നവർക്ക് മോഹൻലാൽ എന്നുപറയുന്നത് ഒരു വികാരമാണ്. ആ വികാരം അവർ പ്രകടിപ്പിക്കാറുമുണ്ട്. മോഹൻലാലി​ന്റെ പിറന്നാൾ വലിയ ആഘോഷമാക്കിയിരിക്കുകയാണ് എറണാകുളത്തെ മോഹൻലാൽ ആരാധകർ. ഇടപ്പള്ളി വനിതാ തീയേറ്ററിൽവെച്ച് രാത്രിക്കായിരുന്നു പിറന്നാളാഘോഷം.

കേക്ക് മുറിച്ച് മോഹൻലാലി​ന്റെ പിറന്നാൾ ആരാധകർ വലിയ ആഘോഷമാക്കി മാറ്റി. ഇത്രകാലവും മോഹൻലാലി​ന്റെ സിനിമകളെല്ലാം തങ്ങൾക്ക് വലിയ വിജയം മാത്രമേ സമ്മാനിച്ചിട്ടുള്ളു എന്നാണ് വനിതാ തീയേറ്റർ ഉടമ പറഞ്ഞത്. കേരള മോഹൻലാൽ ഫാൻസ് അസോസിയേഷ​ന്റെ എറണാകുളത്തെ ആരാധകരുടെ വലിയൊരു കൂട്ടം തന്നെയാണ് പിറന്നാളാഘോഷിക്കാൻ എത്തിയത്.

980-ൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അതിനും മുൻപ്, സിനിമയോടുള്ള അടങ്ങാത്ത ആ​ഗ്രഹവും, വാശിയും കാരണം പതിനെട്ടാം വയസിൽ സിനിമാ മോഹികളായ കൂട്ടുകാർക്കൊപ്പം ചെയ്ത തിരനോട്ടം എന്ന ചിത്രമായിരുന്നു മോഹൻലാലിലെ നട​ന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം.‌

നായകനായും, കുടുംബനാഥനായും, തമ്പുരാനായും, അടിച്ചമർത്തപ്പെട്ടവനായും, പ്രണയ നായകനായും മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. പ്രണയത്തിന്റെ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചു, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനായി പ്രണയത്തിന്റെ മറ്റൊരു കാഴ്ച പ്രേക്ഷകർക്ക് നൽകി. ചിത്രം എന്ന സിനിമയിലൂടെ പ്രണയത്തിന്റെ മുഖത്തിനു നിഷ്കളങ്കമായ ഭാവം നൽകി. കുറുമ്പും കുസൃതിയുമുള്ള പ്രണയമായി മിന്നാരത്തിലും, വന്ദനത്തിലും വന്നു. മലയാളികൾ കണ്ട ഏറ്റവും മനോഹരമായ പ്രൊപോസൽ ഡയലോഗുകൾ സമ്മാനിച്ച നമുക്ക് പാർക്കം മുന്തിരിത്തോപ്പുകൾ ലാലേട്ട​ന്റെ ക്ലാസിക്കുകളിൽ ഒന്നുമാത്രമാണ്. ടി പി ബാലഗോപാലൻ എം എ, തേന്മാവിൻ കൊമ്പത്തു, ഹരികൃഷ്ണൻസ് തുടങ്ങി നിരവധി പ്രണയ ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്നും മലയാളികൾ പാടിനടക്കാറുള്ള പ്രണയ​ഗാനങ്ങളും, പ്രൊപ്പോസൽ ഡയലോ​ഗുകളും എടുത്തുനോക്കിയാൽ അതിൽ ലാലേട്ട​ന്റെ കെെയ്യൊപ്പുകൾ കാണാം.

350-ലധികം സിനിമകളുമായി നാൽപ്പതിലധികം വർഷങ്ങൾ സിനിമയിൽ സജീവമാണഅ ലാലേട്ടൻ. സിനിമയുടെ വളർച്ചയൊക്കൊപ്പം വളർന്ന നടൻ കൂടിയാണ് അദ്ദേഹം. നൃത്തം, ആയോധനകല, സം​ഗീതം തുടങ്ങി സകലകലാവല്ലഭനെന്ന പദത്തിന് ഏറെ അനുയോജ്യനായ പ്രതിഭയുമാണ് മോഹൻലാൽ. കാലങ്ങൾക്കിപ്പുറം ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കാലെടുത്തുവെയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here