കലാഭവൻമണിയുടെ ‘ലോകനാഥൻ ഐഎഎസി’നെ നമ്മുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ബിജു വട്ടപ്പാറ അന്തരിച്ചു

0
233

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു. മലയാള സിനിമാ മേഖലയ്ക്ക് ഒട്ടനവധി നല്ല സിനിമകൾ സമ്മാനിച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. സിനിമാ നിർമ്മാതാവായ എൻ എം ബാദുഷയാണ് ഇദ്ദേഹത്തി​ന്റെ മരണ വാർത്ത അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഒപ്പം സംവിധായകൻ ബിജു വട്ടപ്പാറയുടെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു ആദരാഞ്ജലികൾ’ എന്നാണ് സംവിധായക​ന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

2010ല്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ എന്നിവയാണ് ബിജു വട്ടപ്പാറ സംവിധാനം നിർവ്വഹിച്ച ചിത്രങ്ങള്‍. ഇഫാർ ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര നിർമ്മിച്ച് ബിജു വട്ടപ്പാറ സംവിധാനം ചെയ്ത് ഗിന്നസ് പക്രു, മുകേഷ്, ശ്രുതിലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്.

മാധവിക്കുട്ടിയുടെ മനോമി എന്ന നോവലിനെ ആസ്പദമാക്കി ബിജു വട്ടപ്പാറ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് രാമ രാവണൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ , മിത്ര കുര്യൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ലെന തുടങ്ങിയവർ അഭിനയിച്ചിരുന്നു. കൂടാതെ മൈ ഡിയര്‍ മമ്മി, കളഭം, കനകസിംഹാസനം, ലോകനാഥന്‍ ഐ എ എസ് തുടങ്ങി ഏഴോളം ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here