‘ജയിലർ’ എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം രജനികാന്തിന്റെ അടുത്ത സിനിമയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കുകയാണ് സിനിമാലോകം ഇപ്പോൾ താരം കേരളത്തിൽ എത്തുമെന്ന വാർത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് തലസ്ഥാനത്തെത്തുക. ‘തലൈവർ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആദ്യമായാണ് ഒരു രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ ഒഴികെയുള്ള മറ്റ് താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഈയടുത്ത് പുറത്തിറങ്ങിയ മാമന്നനിലെ രത്നവേൽ എന്ന വില്ലൻ കഥാപാത്രവും പുഷ്പയിലെ ബൻവർ സിംഗ് ശിഖാവത്ത് എന്ന വേഷവും ഫഹദിന് തെന്നിന്ത്യയിൽ മികച്ച ജനപ്രീതി നേടിക്കൊടുത്തിരുന്നു. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തും എന്ന റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശമായിരുന്നു. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രജനീകാന്തും അമിതാബ് ബച്ചനും 32 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനിയുടെ വരവ് ആരാധകരെ ആവേശം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാകും തിരുവനന്തപുരത്ത് ഏർപ്പെടുത്തുക. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ. അർജുൻ ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രമായി എത്തും എന്ന് നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ ഏറ്റുമുട്ടലുകൾക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ‘തലൈവർ 170’ന്റെ ഇതിവൃത്തം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.