സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരങ്ങൾ. ലിസ്റ്റിൻ സ്റ്റീഫൻ നടൻ ബിജു മേനോനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലിസ്റ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“മിഥുൻ അറിഞ്ഞുകൊണ്ട് തന്നെ ഫ്ലോപ്പ് കൊടുക്കാറുണ്ട്. സിനിമ ഇത്രയും നല്ല ഒരു പ്രോഡക്ട് ആയി മാറാനുള്ള കാരണം ബിജു മേനോൻ ആണ്. അദ്ദേഹം ഡേറ്റ് ഓരോ തവണയും വൈകിപ്പിച്ചത് കൊണ്ടാണ് സ്ക്രിപ്റ്റ് ഒന്നു കൂടെ സ്ട്രോങ്ങ് ആയി തയ്യാറാക്കാൻ കഴിഞ്ഞത്” എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. മുൻപ് പോസ്റ്ററുകളിൽ കാത്തുവെച്ച സർപ്രൈസുകൾ പോലെ നിരവധി രംഗങ്ങളിൽ സർപ്രൈസ് ഒളിപ്പിച്ചുവെച്ചാണ് ട്രെയിലർ എത്തിയിട്ടുള്ളത്.
ജയിലിൽ നിന്നും ഇറങ്ങുന്ന ബിജു മേനോന്റെ കഥാപാത്രവും അതിന് പിന്നിലെ കഥയും, സുരേഷ് ഗോപിയുടെ കഥാപാത്രവുമായുള്ള ഭൂതകാലത്തിലെ സംഭവങ്ങളുമാണ് ട്രെയിലറിൽ സൂചിപ്പിച്ചിട്ടുള്ളത്. ട്രെയിലറിലെ അവസാനം പ്രേക്ഷകരെ ശ്വാസമടക്കി പിടിപ്പിക്കുന്ന ഒരു രംഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി, കയ്യും പുറകിൽ കെട്ടിയ ഒരു പെൺകുട്ടി ദീർഘമായി ശ്വാസമെടുക്കുന്ന രംഗമാണത്. ത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. എന്തായാലും പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആണ് ആരംഭിച്ചിരുന്നത്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ്, ജഗദീഷ് , അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.